തൃശൂർ: ചികിത്സാരംഗത്ത് കേരളം ഇന്ത്യക്കും ലോകത്തിനാകെയും മാതൃകയാണെന്ന് കോക്ലിയറിന്റെ ആഗോള ഹിയറിംഗ് അംബാസിഡറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസവുമായ ബ്രെറ്റ് ലീ പറഞ്ഞു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയും സന്ദർശിക്കാനെത്തിയതായിരുന്നു ബ്രെറ്റ് ലി.
രാവിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലാണ് ബ്രെറ്റ് ലീ സന്ദർശിച്ചത്. ആശുപത്രി അധികൃതരും ഡോക്ടർമാരുമായി ചർച്ച നടത്തി. തുടർന്ന് മിഷൻ ആശുപത്രിയിൽ നവജാതശിശു വിഭാഗം മേധാവി ഡോ. വി.സി. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ കേൾവി പരിശോധന ടെസ്റ്റ് നേരിട്ട് കണ്ട് വിലയിരുത്തി.
കഴിഞ്ഞ ദിവസം മിഷൻ ആശുപത്രിയിൽ ഒരു പ്രസവത്തിൽ പിറന്ന മൂന്ന് കുഞ്ഞുങ്ങളുടെ കേൾവി ശക്തിയാണ് പരിശോധിച്ചത്. തൂക്കക്കുറവ് കാരണം ആദ്യ കുട്ടിയുടെ പരിശോധനാ ഫലം വ്യക്തമായില്ലെങ്കിലും രണ്ടാമത്തെ കുട്ടിയുടെ കേൾവി ശക്തി പരിശോധന വിജയകരമായി. ആറാം വയസിൽ മകൻ കെട്ടിടത്തിൽ നിന്ന് വീണ് കേൾവിശക്തിയും കാഴ്ചശക്തിയും കുറഞ്ഞതോടെയാണ് ഈ മേഖലയിലേക്ക് തിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, അസി. ഡയറക്ടർ ഫാ. ടിജോ ജോയ്, ഡോ. വി സി മനോജ്, ഡോ. സണ്ണി ജോർജ് എന്നിവരും സംസാരിച്ചു. ജൂബിലി ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
വൈകിട്ട് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ ആശുപത്രിയിലെത്തി കേൾവി പരിശോധനാ കേന്ദ്രം സന്ദർശിച്ചു. ഡോക്ടർമാരുമായി ചർച്ച നടത്തി. തൃശൂരിലെ ആദ്യ സന്ദർശനമാണ് ബ്രെറ്റ് ലിയുടേത്. കേരളത്തിൽ ഇത് നാലാമത് സന്ദർശനമാണ്.