ഗുരുവായൂർ: തെക്കേ നടയിൽ പ്രവർത്തിച്ചുവന്നിരുന്ന ടെമ്പിൾ പൊലീസ് സ്റ്റേഷൻ നാളെ മുതൽ താത്കാലികമായി വടക്കേ നടയിലേക്ക് മാറും. കൈരളി ജംഗ്ഷനടുത്ത് ദേവസ്വത്തിന്റെ പഴയ കെട്ടിടത്തിലേക്കാണ് താത്കാലികമായി സ്റ്റേഷൻ മാറുന്നത്. കൃഷ്ണനാട്ടം ജീവനക്കാർ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സ് ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള സ്റ്റേഷൻ കെട്ടിടം പൊളിച്ചു പണിയുന്നതിനാലാണ് താത്കാലിക മാറ്റം.
ടെമ്പിൾ പൊലീസ് സ്റ്റേഷൻ സത്രം കെട്ടിടത്തിലേക്കു മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിടെ താമസിപ്പിച്ചിരിക്കുന്ന 125 റിസർവ് പൊലീസുകാരെ താമസിപ്പിക്കുന്നതിന് ബദൽ സംവിധാനം ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകൊണ്ടാണ് സ്റ്റേഷനു പുതിയ കെട്ടിടം നൽകുന്നത്. ദേവസ്വത്തിന്റെ തിരുത്തിക്കാട്ടുപറമ്പിൽ പൊലീസിനു താമസിക്കാൻ സ്ഥലം നൽകാമെന്നു ദേവസ്വം സമ്മതം നൽകിയെങ്കിലും ഇവിടെ കെട്ടിടം നിർമിക്കുന്നതിന് സർക്കാരിനു സാങ്കേതിക തടസമുള്ളതിനാൽ തീരുമാനം മാറ്റുകയായിരുന്നു. നിലവിൽ സ്റ്റേഷൻ നിൽക്കുന്ന സ്ഥലത്തു മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
മൂന്നു നിലകളിലായി എ.സി.പി ഓഫീസ്, രണ്ട് സ്യൂട്ട് മുറികൾ, പൊലീസുകാർക്കു വിശ്രമസ്ഥലം എന്നിവയോടുകൂടിയതാണ് പുതിയ കെട്ടിടം. പുതിയ സ്റ്റേഷൻ പണിതുതീരാൻ രണ്ടു വർഷമെങ്കിലുമെടുക്കും. നാളെ താത്കാലിക കെട്ടിടത്തിലേക്ക് മാറുമെന്ന് ടെമ്പിൾ സി.ഐ പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു. ടെമ്പിൾ പൊലീസ് സ്റ്റേഷൻ പൊളിക്കൽ തുടരുകയാണ്.