തൃശൂർ: ശ്രവണശേഷി ഇല്ലായ്മയെന്ന ജന്മനായുള്ള പരിമിതിയെ മറികടന്ന് പഠന രംഗത്ത് മികവ് തെളിയിച്ച ഫിദയെയും ഹിബയെയും നേരിൽക്കാണാൻ കോക്‌ളിയറിന്റെ ആഗോള ഹിയറിംഗ് അംബാസിഡറും ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരവുമായ ബ്രെറ്റ്‌ലി നേരിട്ടെത്തി. ഇരുവർക്കും ഹസ്തദാനം നൽകി ബ്രെറ്റ്‌ലി പറഞ്ഞു. വെൽഡൺ, കൺഗ്രാറ്റ്‌സ്...
തൃശൂർ മെഡിക്കൽ കോളേജിലെ ടി.എം.സി.എ.എ സ്‌പോർട്‌സ് കോംപ്‌ളക്‌സ് ആഡിറ്റോറിയത്തിലായിരുന്നു സംഗമം. പരിമിതികളെ അതിജീവിച്ച് ഹിബ തൃശൂർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായി. ഫിദ തൃശൂർ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയും. മൈസൂരിലെ സ്പീച്ച് തെറാപ്പി സെന്ററിലെ പൂർവ വിദ്യാർത്ഥികളും സഹപാഠികളുമാണ് ഇരുവരും. കോക്‌ളിയാർ ഇംപ്‌ളാന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആദ്യമായിട്ടാണ് ബ്രെറ്റ്‌ലി തൃശൂരിൽ എത്തുന്നത്.

ഹിബ

മലപ്പുറം തിരൂരങ്ങാടി പഴയകത്ത് വീട്ടിൽ അദ്ധ്യാപകനായ പി.കെ അൻവറുദ്ദീന്റെ മകളാണ് ഹിബ. ഒന്നരവയസിൽ ഹിബക്ക് ശ്രവണശേഷിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ മൈസൂരിലെ സെന്ററിൽ സ്പീച്ച് തെറാപ്പിക്ക് ചേർത്തു. അവിടെയുള്ള ലിസി ഡോക്ടറാണ് കോക്‌ളിയാർ ഇംപ്‌ളാന്റിനെക്കുറിച്ച് പറയുന്നത്. പത്തുവർഷം മുമ്പ് ലക്ഷങ്ങൾ ചെലവേറിയതായിരുന്നു കോക്‌ളിയാർ ഇംപ്‌ളാന്റ്. ബാങ്കിൽ നിന്നും വായ്പയെടുത്ത് ഹിബയുടെ ആറാം വയസിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോംക്‌ളിയർ ഇംപ്‌ളാന്റ് നടത്തി. സി.ബി.എസ്.ഇ പ്‌ളസ്ടു പരീക്ഷയിൽ 1200ൽ 1199 മാർക്ക് നേടിയ ഹിബ മെഡിക്കൽ എൻട്രൻസിൽ ഭിന്നശേഷി വിഭാഗത്തിൽ മെഡിക്കലിൽ 58ാം റാങ്ക് നേടി. കേരള എൻജിനിയറിംഗ് എൻട്രൻസിൽ ഒന്നാം റാങ്കും ആൾ ഇന്ത്യ വിഭാഗത്തിൽ രണ്ടാം റാങ്കും നേടി. ഡോക്ടറാവുകയെന്നതായിരുന്നു ഇഷ്ടം. ശ്രവണ വൈകല്യമുള്ള കുട്ടിക്ക് എം.ബി.ബി.എസിന് പ്രവേശനം നൽകാനാകില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ നിലപാട്.
നിരാശയാകാതെ അൻവറുദ്ദീൻ ആൾ ഇന്ത്യ മെഡിക്കൽ ബോർഡിനെ സമീപിച്ചു. ചെറിയൊരു വൈകല്യത്തിന്റെ പേരിൽ മാറ്റിനിറുത്തരുതെന്നും മെഡിക്കൽ പഠനത്തിന് അർഹയാണെന്നും ബോർഡ് പറഞ്ഞു. ഇത്തരത്തിൽ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്ന ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥിനിയെന്ന ബഹുമതിയും ഹിബക്കുണ്ട്.

ഫിദ

കോഴിക്കോട് താമരശേരി മാവിലക്കണ്ടി വീട്ടിൽ അബ്ദുൾ അസീസിന്റെയും മുനീറയുടെയും മകളാണ് ഫിദ. ഏഴാം മാസത്തിൽ വൈകല്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ രണ്ടര വയസിൽ തന്നെ ഫിദയെ കോക്‌ളിയർ ഇംപ്‌ളാന്റിന് വിധേയമാക്കി ശ്രവണശേഷി വീണ്ടെടുത്തു.