ചാവക്കാട്: വിഘ്നേശ്വര മന്ത്ര ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ചാവക്കാട് ദ്വാരക ബീച്ചിലെ വിനായക തീരത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിഗ്രഹ നിമഞ്ജനത്തിൽ 60 ഓളം വിഗ്രങ്ങൾ അണി നിരന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടു മണിയോടുകൂടി ആരംഭിച്ച നിമഞ്ജന ഘോഷ യാത്ര സ്വാഗതസംഘം ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. സൺ റൈസ് ശ്രീനിവാസൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ഗുരുവായൂർ നടയിൽ 30 മുതൽ പ്രതിഷ്ഠിച്ച് പൂജ ചെയ്തിരുന്ന പ്രധാന ഗണേശ വിഗ്രഹതോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന മറ്റു വിഗ്രഹങ്ങളും ഘോഷ യാത്രയിൽ അണിനിരന്നു. ഗുരുവായൂർ, മുതുവട്ടൂർ, ചാവക്കാട് വഴി വൈകിട്ട് അഞ്ചിന് ദ്വാരക ബീച്ചിലുള്ള വിനായക തീരത്ത് എത്തിച്ചേർന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ഗണപതി വിഗ്രഹങ്ങളിൽ ആചാര്യന്മാർ പൂജകൾ നടത്തിയ ശേഷം വൈകിട്ട് ആറിന് വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു.
ദ്വാരക ബീച്ചിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രാന്തിയ ധർമ്മ ജാഗരൺ പ്രമുഖ് വി.കെ. വിശ്വനാഥൻ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വക്കേറ്റ് കെ.എസ്. പവിത്രൻ അദ്ധ്യക്ഷനായി. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എ.ഒ. ജഗന്നിവാസൻ, ജില്ലാ സെക്രട്ടറി പി.ആർ. ഉണ്ണി, ടി.പി. മുരളി, പി. വത്സലൻ, പി.ആർ. നാരായണൻ, മുകുന്ദരാജ, രഘു ഇരിങ്ങാപ്പുറം, എം.വി. രവീന്ദ്രനാഥ്, ടി.എൻ. നാരായണൻ, ശോഭ സുബ്രൻ, സതി ലോഹിദാക്ഷൻ, ഷീന ഹരിലാൽ, ശിവഗിരീശ്വരി എന്നിവർ നേതൃത്വം നൽകി.