ഗുരുവായൂർ: ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് ചരിഞ്ഞ് മുപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ചുപേർക്ക് എല്ലിന് ഒടിവ് പറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഗുരുവായൂരിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ആനന്ദസാഗർ എന്ന ബസാണ് അപകടത്തിൽപെട്ടത്. രാവിലെ ഒമ്പതോടെ അരിയന്നൂർ കയറ്റത്തിനടുത്ത് മൈത്രി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. തൃശൂരിലേക്ക് പോകുകയായിരുന്ന ബസ് ഇതേ ദിശയിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനത്തിൽ തട്ടിയതോടെയാണ് നിയന്ത്രണം വിട്ടത്. കനാലിലേക്ക് ചരിഞ്ഞ ബസ് മരത്തിൽ തടഞ്ഞ് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരിൽ 20 പേരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിലും 10 പേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.