പാവറട്ടി: ഫ്യൂഡലിസത്തിന്റെ തകർച്ച ഉൾക്കൊള്ളാൻ കഴിയാതിരുന്ന വ്യക്തിത്വങ്ങളെ മഹത്വവത്കരിക്കുകയാണ് 'ഖസാക്കിന്റെ ഇതിഹാസം' രചിക്കുന്നതിലൂടെ യഥാർത്ഥത്തിൽ ഒ.വി. വിജയൻ ചെയ്തിട്ടുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ.
ഫ്യൂഡൽ തകർച്ചയോട് രോഷം പ്രകടിപ്പിക്കുകയും നഷ്ടപ്രതാപങ്ങളിലെ പ്രതിഷേധം ഉള്ളിലൊതുക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ പ്രതീകമായിട്ടാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ കേന്ദ്രകഥാപാത്രമായ രവിയെ മനസ്സിലാക്കാൻ സാധിക്കുക. രവിയുടെ അരാജകത്വപ്രവൃത്തികളുടെ സാധൂകരണങ്ങളും മഹത്വവത്കരണങ്ങളും ഫ്യൂഡൽ സാംസ്‌കാരിക വൈകൃതങ്ങളുടെ മഹത്വവത്കരണമായാണ് ഫലത്തിൽ സംഭവിക്കുന്നതെന്നും ബേബി ജോൺ അഭിപ്രായപ്പെട്ടു.
വ്യവസ്ഥയ്ക്ക് വിധേയപ്പെട്ട് ജീവിക്കുക എന്ന സന്ദേശമാണ് 'ഖസാക്കിന്റെ ഇതിഹാസം'ആത്യന്തികമായി മുന്നോട്ട് വയ്ക്കുന്നത്. നോവലിലെ വിശദാംശങ്ങൾ പരിശോധിക്കുന്ന ഏത് വായനക്കാർക്കും ഇത് ബോധ്യപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാക്കശ്ശേരി പെരുമയും ഗ്രാമീണ വായനശാലയും സംഘടിപ്പിച്ച 'ഖസാക്ക് 50 വിചിന്തനം, വിമർശനം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ബേബിജോൺ.
കവി രാധാകൃഷ്ണൻ കാക്കശ്ശേരി മോഡറേറ്ററായ സെമിനാറിൽ ഡോ. സി. മധുസൂദനൻ, ഷൗക്കത്തലീഖാൻ, ബീജ .വി.സി, പ്രസാദ് കാക്കശ്ശേരി, കെ.കെ. മനോജ് മാസ്റ്റർ, കാക്കശ്ശേരി ഗ്രാമീണ വായനശാല പ്രസിഡന്റ് ലിജോ ഇ.ജെ എന്നിവർ സംസാരിച്ചു.