flower

തൃശൂർ: കേരളത്തിലെ പൂവിപണിയിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കോടികൾ ഒഴുകുമ്പോഴും നാട്ടിൽ പുഷ്പകൃഷിക്ക് വേരുറയ്ക്കുന്നില്ല. ശാസ്ത്രീയമായി കൃഷിയിറക്കാൻ തയ്യാറാകാത്തതും ഇടനിലക്കാരുടെ ചൂഷണവും കാരണം മലയാളി കർഷകർ പുഷ്പകൃഷിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ വൻ ഡിമാൻഡും ലാഭവുമുള്ള ബിസിനസിലേക്ക് കർഷകരെ ആകർഷിക്കാൻ സർക്കാരിനും താത്പര്യമില്ല.

ചിങ്ങമാസമാണ് കേരളത്തിൽ പൂക്കൾക്ക് ഏറ്റവും ഡിമാൻഡുള്ള മാസം. ഒാണക്കാലത്തെ ആവശ്യം മാത്രമല്ല,​ ഏറ്റവും അധികം വിവാഹങ്ങൾ നടക്കുന്ന മാസമായതുകൊണ്ടും പൂക്കൾക്ക് ആവശ്യമേറെ. നാട്ടിൽ ആവശ്യത്തിന് പൂക്കൾ കിട്ടാനില്ലാത്തതുകൊണ്ട് എല്ലാം തമിഴ്നാട്ടിൽ നിന്ന് വരണം. ജമന്തി, വാടാമല്ലി, ചെണ്ടുമല്ലി, അരളി, റോസ്, ഡാലിയ, മുല്ല, അരളി, റോസ്, കോഴിവാലൻ... ഇവയൊക്കെയാണ് ഡിമാൻഡ് കൂടിയ ഇനങ്ങൾ. ജമന്തിയാണ് കൂട്ടത്തിലെ കോസ്റ്റ്ലി ഇനം- കിലോയ്ക്ക് 300 രൂപ! കുറവ് ചെണ്ടുമല്ലിക്ക്. കിലോയ്‌ക്ക് 80 രൂപയേയുള്ളൂ. അതിൽത്തന്നെ റോയൽ,​ ഭഗവതി,​ സാക്യുറ 031 തുടങ്ങിയ സങ്കര ഇനങ്ങൾക്ക് വില കൂടും.

മൂന്നു മുതൽ അഞ്ചു വരെ ടൺ കയറ്റാവുന്ന ലോറികളിലാണ് അതിർത്തിക്കപ്പുറത്തു നിന്ന് പൂക്കളുടെ വരവ്. ചിങ്ങം പിറന്നതിൽപ്പിന്നെ വിവിധ ജില്ലകളിലേക്കായി ദിവസവും ശരാശരി നൂറു ലോഡ് പൂക്കളെത്തും. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആവശ്യക്കാരേറെ എന്ന് പുഷ്പവ്യാപാര രംഗത്തെ ഏജന്റുമാർ പറയുന്നു. തമിഴ്നാട്- കർണാടക ലോബികളാണ് വില നിശ്ചയിക്കുന്നത്. ഇടുക്കി,​ വയനാട് ജില്ലകളിൽ ചെറിയ തോതിൽ പൂക്കൃഷിയുണ്ടെങ്കിലും കേരളത്തിന്റെ ആവശ്യത്തിന്റെ പത്തിലൊന്നു പോലും ഇവിടങ്ങളിൽ നിന്ന് കിട്ടില്ല.

ഇടനിലക്കാരുടെ ചൂഷണവും ലാഭക്കുറവും കാരണം അയൽസംസ്ഥാനങ്ങളിൽ പൂക്കൃഷി നടത്തുന്ന മലയാളികൾ പോലും കേരളത്തിൽ കൃഷിയിറക്കുന്നില്ല. വെള്ളപ്പൊക്കവും വാട്ടരോഗവുമാണ് പ്രധാന വില്ലന്മാർ. തമിഴ്‌നാട്ടിലും കർണാടകയിലും വാട്ടരോഗം കാര്യമായി ഇല്ല. അവിടങ്ങളിൽ രാത്രികാലത്തെ മഞ്ഞ് പൂക്കൾക്ക് നല്ല നിറവും നൽകുന്നു. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് ഫ്‌ളോറികൾച്ചർ ആൻഡ് ലാൻഡ്‌സ്‌കേപ്പിംഗ് വിഭാഗത്തിൽ ചെണ്ടുമല്ലി, വാടാമല്ലിത്തൈകൾ സൗജന്യനിരക്കിൽ നൽകുന്നുണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയിറക്കാൻ ഇപ്പോഴും കർഷകർക്ക് താത്പര്യക്കുറവ്.

പോംവഴികൾ:

സമുദ്രനിരപ്പിൽ നിന്ന് അഞ്ഞൂറ് മീറ്ററെങ്കിലും ഉയരമുള്ള സ്ഥലങ്ങളിൽ പൂക്കൃഷി നടത്താം.

ജമന്തി പോലുള്ള ഇനങ്ങൾ ഈ കാലാവസ്ഥയിൽ നല്ലവണ്ണം പുഷ്പിക്കും.

ഇടുക്കി, വയനാട് ജില്ലകളിലെ മലയോരവും തണുപ്പുള്ള സ്ഥലങ്ങളും അനുയോജ്യം

ഇടനിലക്കാരില്ലാതെ പൂക്കൾ നേരിട്ട് വിപണിയിലെത്തിക്കാം.

കൃഷിയിടങ്ങൾ: തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂർ, ഡിണ്ടിഗൽ, മധുര, ബോഡിനായ്ക്കന്നൂർ, തോവാള, തേനി,​ കർണാടകത്തിലെ ഗുണ്ടൽപ്പേട്ട്, നഞ്ചൻകോട്, മൈസൂർ, ബംഗളൂരു, മദനുണ്ടി, ഭീമൻപേട്ട്, ബർഗി, നാഗർഹോള.

വാട്ടരോഗങ്ങളെ ചെറുക്കുന്ന സങ്കര ഇനങ്ങൾ കൃഷി ചെയ്താൽ കേരളത്തിലെ കർഷകർക്കും ലാഭകരമായി പുഷ്പകൃഷി ചെയ്യാം.

- ഡോ. യു. ശ്രീലത

വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് ഫ്‌ളോറികൾച്ചർ വിഭാഗം മേധാവി