തൃശൂർ: ഡീസൽ തീർന്ന് കണ്ടെയ്‌നർ ലോറി പോലുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നത് മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. അതേസമയം, സുരക്ഷാ ആശങ്കകൾ നിലനിൽക്കുമ്പോഴും തുരങ്കപാത തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്നലെ വൈകിട്ട് തൃശൂരിലേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറി തുരങ്കത്തിന് സമീപം നിറുത്തിയിട്ടതോടെ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. കനത്ത മഴയിൽ തകർന്ന റോഡിലൂടെ വാഹനങ്ങൾക്ക് പെട്ടെന്ന് കടന്നുപോകാനുമായില്ല.
സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ലൈൻ തെറ്റിച്ച് കയറിവരുന്നതും കുരുക്ക് കൂട്ടുന്നുണ്ട്. ഹൈവേ പൊലീസിനും മണ്ണുത്തി, പീച്ചി പൊലീസിനും ഇവിടേക്ക് എത്തിച്ചേരാനാകാത്ത അവസ്ഥയുമുണ്ട്. മാർക്കറ്റിലേക്കുള്ള ചരക്കുലോറികളാണ് പുലർച്ചെ കുരുക്ക് കൂട്ടുന്നത്. ചരക്കുവാഹനങ്ങൾക്ക് കുഴിയിൽ പെട്ടെന്ന് ഇറക്കാനും മറ്റു വാഹനങ്ങൾക്കായി വഴിമാറിക്കൊടുക്കാനും സാധിക്കില്ല.ക്വാറിവേസ്റ്റ് ഉപയോഗിച്ച് കുഴി അടയ്ക്കുന്നുണ്ടെങ്കിലും മഴ പെയ്താൽ അത് ഇളകിപ്പോകുമെന്ന പരാതിയുമുണ്ട്.
തുരങ്കത്തിൽ ഒമ്പതിന ആശങ്ക
1. ശക്തമായ ഉറവ, വലതുതുരങ്കം വെള്ളത്തിൽ.
2. കൊമ്പഴയിൽ നിന്നുള്ള പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ടില്ല.
3. തുരങ്കത്തിനുള്ളിൽ ഡ്രൈനേജുകളുടെ പണി കഴിഞ്ഞില്ല
4. പാറയുടെ ബലക്ഷയം പരിഹരിക്കാൻ ഇരുമ്പ് ആർച്ചുകൾ പാകി വെൽഡ് ചെയ്യാനായില്ല
5. അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചിട്ടില്ല
6. വായുസഞ്ചാരം സുഗമമല്ല, വാഹനങ്ങളിലെ പുക പുറന്തള്ളാനുളള സംവിധാനമില്ല.
7. വെളിച്ചം ക്രമീകരിക്കാൻ എൽ.ഇ.ഡി ലൈറ്റില്ല.
8. സുരക്ഷയ്ക്ക് പൊലീസ് കൺട്രോൾ സ്റ്റേഷനില്ല.
9. വെന്റിലേഷൻ, ജലലഭ്യത, തീയണക്കാനുള്ള സംവിധാനം എന്നിവയില്ല.
നഗരത്തിൽ കുഴിയടയ്ക്കൽ
നഗരത്തിലുമുണ്ട്, 'ഓണക്കുരുക്ക്'. എം.ജി റോഡ്, സ്വരാജ് റൗണ്ട്, കുറുപ്പം റോഡ്, പടിഞ്ഞാറെക്കോട്ട, പാട്ടുരായ്ക്കൽ, കിഴക്കെക്കോട്ട, പൂങ്കുന്നം, പുഴയ്ക്കൽ, ഇക്കണ്ട വാര്യർ റോഡ്, ദിവാൻജിമൂല എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ കുഴിയിൽ കുരുങ്ങുന്നുണ്ട്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിന്നുള്ള വാഹനങ്ങളും നഗരത്തിൽ കടക്കാൻ നട്ടം തിരിയുകയാണ്. അതേസമയം, എം.ഒ. റോഡ്, പട്ടാളം റോഡ്, വെളിയന്നൂർ റോഡ് എന്നീ ജംഗ്ഷനുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചെന്നാണ് കോർപറേഷന്റെ അവകാശവാദം. ശങ്കരയ്യ റോഡ്, ദിവാൻജിമൂല ജംഗ്ഷനുകളിലെ റോഡുകൾ അടയ്ക്കുന്ന പണി നടക്കുകയാണ്.
അറ്റകുറ്റപ്പണി അതിവേഗം
'' കനത്ത മഴയിലാണ് നഗര പരിധിയിലെ പ്രധാന ജംഗ്ഷനുകളിലെ റോഡുകളിലെല്ലാം കുഴികൾ രൂപപ്പെട്ടത്. മഴയിൽ പണിയും തടസപ്പെട്ടു. മഴയുടെ ശക്തി കുറഞ്ഞതോടെ പണി തുടങ്ങിയിട്ടുണ്ട്. അതിവേഗത്തിൽ പൂർത്തിയാകും.''
അജിത വിജയൻ, മേയർ.