മാള: ജില്ലയിൽ വയോജന പരിപാലനത്തിന് സൗകര്യമുള്ള ഏക ആയുർവേദ ആശുപത്രിയായ പുത്തൻചിറയിൽ നിരവധി വിഭാഗങ്ങൾക്ക് തുടക്കമായി. വയോജന പരിപാലനത്തിന് പ്രത്യേക സൗകര്യങ്ങളാണ് ഈ സർക്കാർ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളത്. നാല് വർഷമായി ഇവിടെ വയോജന പരിപാലനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 75 പേരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ പദ്ധതിയിലാണ് വയോജനങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നത്.
പദ്ധതിയിലേക്ക് ഓരോ വർഷവും വയോജനങ്ങളെ വരുമാനത്തിന്റെയും കുടുംബ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ഒരു വാർഡിൽ നിന്ന് അഞ്ച് എന്ന നിലയിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ ഈ വർഷത്തെ തുടക്കവും വിവിധ വിഭാഗങ്ങളുടെ ഉദ്‌ഘാടനവും വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. പെയിൻ ക്ലിനിക്, ഓർത്തോ ഫിസിയോ തെറാപ്പി, ന്യൂറോ ഫിസിയോ തെറാപ്പി തുടങ്ങിയ വിഭാഗങ്ങളാണ് തുടങ്ങിയിട്ടുള്ളത്. ഉദ്‌ഘാടന യോഗത്തിൽ പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സി. പ്രവീൺകുമാർ, ഡോ. ജയ സന്ധ്യ, ഡോ.എസ്. ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. ഉണ്ണിക്കൃഷ്ണൻ, പി.ഐ. നിസാർ, വി.എൻ. രാജേഷ്, റോമി ബേബി തുടങ്ങിയവർ സംസാരിച്ചു.