വടക്കെക്കാട്: 40 വർഷമായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന മുക്കിലപ്പീടികയിലെ തൊഴിലാളികൾക്ക് ഓണം അടുക്കുമ്പോൾ ആശങ്ക. കഴിഞ്ഞതവണ പ്രളയമെടുത്തപ്പോൾ ഇത്തവണ ഓണം പൊലീസ് എടുക്കുന്നുവെന്നാണ് പരാതി. ഓണം കഴിയുന്നതോടെ സ്റ്റാൻഡ് ഒഴിയണമെന്ന നിർദ്ദേശമാണ് 65 ഓളം തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.
പൊന്നാനി - ഗുരുവായൂർ സംസ്ഥാന പാതയിലെ തിരക്കേറിയ ചെറുനഗരമാണ് മുക്കിലപീടിക. ഇവിടെ നിന്നും ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞാൽ തീരമേഖലയിലെ ടിപ്പുസുൽത്താൻ റോഡിലേക്കും പഴഞ്ഞി, കുന്നംകുളം എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴികളാണ്.
വ്യാപാര സ്ഥാപനങ്ങളൊന്നും അധികമില്ലാത്ത കാലത്ത് തുടങ്ങിയ ഓട്ടോ സ്റ്റാൻഡ് ഒഴിപ്പിക്കുന്ന തീരുമാനം ഏകപക്ഷീയമാണെന്നാണ് തൊഴിലാളികളുടെ നിലപാട്. കവലയിൽ തിരക്കേറുന്നതിനാലാണ് സ്റ്റാൻഡ് ഒഴിപ്പിക്കുന്നതെന്ന് പൊലീസ് ന്യായീകരിക്കുന്നുണ്ടെങ്കിലും തിരക്കിനും കുരുക്കിനും കാരണം ഞങ്ങൾ മാത്രമല്ലെന്ന് തൊഴിലാളികൾ പറയുന്നു.
തിരക്കിന് കാരണം
കെട്ടിടബാഹുല്യവും ഓട്ടോകളുടെ എണ്ണവും കൂടിയതോടെ മുക്കിലപ്പീടികയിൽ തിരക്കുണ്ട്. കൂടാതെ, സമീപമുള്ള കല്യാണ മണ്ഡപങ്ങളിലേക്കെത്തുന്ന വാഹനങ്ങൾ റോഡിനിരുവശവും നിറുത്തിയിടുന്നതോടെ പൊന്നാനി, കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ കുടുങ്ങും. കുരുക്ക് മൂലം സ്വകാര്യ ബസുകൾ ട്രിപ്പ് മുടങ്ങുന്നതും നിത്യസംഭവമാണ്.
ഇരുന്നൂറിലേറെ വ്യാപാര സ്ഥാപനങ്ങളുണ്ടെങ്കിലും രണ്ട് കെട്ടിടങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് സ്ഥലമുള്ളത്. ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെ സാധാരണക്കാരായ ഡ്രൈവർമാരോട് മാത്രം അരിശം തീർക്കുന്നത് വിവേചനപരമാണെന്നാണ് പരാതി.
പൊലീസ് നിലപാട്
ഓട്ടോ സ്റ്റാൻഡ് പൊന്നാനി റോഡിലുള്ള ചരക്കുവാഹനങ്ങളും പെട്ടി ഓട്ടോറിക്ഷകളും പാർക്ക് ചെയ്യുന്നിടത്തേക്ക് മാറ്റണം.
തൊഴിലാളികളുടെ പക്ഷം
ഇരുപതിലധികം ചരക്ക് വാഹനങ്ങൾക്ക് പിറകിൽ അറുപതോളം ഓട്ടോറിക്ഷകൾ നിറുത്തിയിട്ടാൽ അവിടെയുള്ള എൽ.പി സ്‌കൂളിലേക്ക് വാഹനങ്ങൾ എത്തിയാൽ ഗതാഗത സ്തംഭനം ഉറപ്പ്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിരിക്കുന്ന ഓട്ടോറിക്ഷകളാണ് ഭൂരിഭാഗവും. സ്റ്റാൻഡ് മാറ്റിയാൽ ഇപ്പോൾ കിട്ടുന്നതിന്റെ പകുതി പോലും ഓട്ടം ലഭിക്കില്ല. ഇപ്പോൾ തന്നെ തിരിച്ചടവ് മുടങ്ങിയ പലരുമുണ്ട്. ഇതുകൂടിയാകുമ്പോൾ പരിതാപകരമാകും.
പരിഹാരം
മുക്കിലപ്പീടിക സ്റ്റാൻഡിലെ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമപ്പെടുത്തുക
ബാക്കി ഓട്ടോകൾ കൗക്കാനപ്പെട്ടി റോഡിലേക്കും ആശുപത്രിക്ക് മുമ്പിലേക്കും മാറ്റുക
കല്യാണ മണ്ഡപങ്ങളിലേക്കുള്ള വാഹനങ്ങൾ റോഡിൽ നിറുത്തുന്നത് നിയന്ത്രിക്കുക
പ്രതിഷേധം
വർഷങ്ങളായുള്ള സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തൊഴിലാളികളോട് ആലോചിക്കാതെ മാറണമെന്ന് വാശിപിടിക്കുകയും അനുസരിച്ചില്ലെങ്കിൽ 5000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നുള്ള ഭീഷണിക്കെതിരെ ബി.എം.എസും സി.ഐ.ടി.യുവും പ്രതിഷേധവുമായി രംഗത്തുണ്ട്. സംഘടനകളുടെ ഇടപെടലിനെ തുടർന്ന് ഓണം വരെ തൽസ്ഥിതി തുടരാൻ അനുവദിച്ചിട്ടുണ്ടെങ്കിലും അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് ആശങ്ക.