മാള: കുഴൂർ പഞ്ചായത്തിലെ നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 71.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന യു.ഡി.എഫിലെ പി. ശാന്തകുമാരിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 1074 വോട്ടർമാരുള്ള വാർഡിൽ രണ്ട് ബൂത്തുകളിലായി 768 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി. ശാന്തകുമാരി 226 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. യു.ഡി.എഫിലെ നീത കൃഷ്ണൻ, എൽ.ഡി.എഫിലെ ജെസി പോളി, എൻ.ഡി.എയിലെ ഷൈലജ ഗോപകുമാർ എന്നിവരാണ് സ്ഥാനാർത്ഥികൾ. മൂവരും ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുന്നത്. മൂവരും വിജയപ്രതീക്ഷയിലാണ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടുള്ളത്. വോട്ടെണ്ണൽ നാളെ രാവിലെ പത്തിന് കുഴൂർ പഞ്ചായത്ത് ഹാളിൽ നടക്കും.
കുഴൂർ പഞ്ചായത്തിൽ ആകെ 14 അംഗ ഭരണസമിതിയാണുള്ളത്. ഇതിൽ പി. ശാന്തകുമാരിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിന്റെ ഒഴിവുള്ളതിനാൽ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും എൻ.ഡി.എക്ക് രണ്ടും അംഗങ്ങളാണുള്ളത്.