എരുമപ്പെട്ടി: ആഗ്രഹം പോലെ മദ്ദള കേളിയിൽ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷത്തിലാണ് എരുമപ്പെട്ടി നെല്ലുവായ് കൃഷ്ണാ നിവാസിലെ അനശ്വരയെന്ന ആ പത്തുവയസുകാരി. മദ്ദളത്തിൽ അരങ്ങേറ്റം കുറിച്ചതോടെ തൃശൂർ പാലക്കാട് ജില്ലകളിലെ മദ്ദള വാദനത്തിലെ ആദ്യ പെൺ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് ഉണ്ണിക്കൃഷ്ണൻ അഞ്ജലി ദമ്പതികളുടെ ഇളയ മകൾ.
തൊട്ടടുത്ത അമ്പലത്തിൽ കലാമണ്ഡലം നാരായണൻ നായരാശാൻ മദ്ദളകേളി അവതരിപ്പിക്കുന്നത് കണ്ട് ആശ പെരുത്തതാണ് അനശ്വരയ്ക്ക്. കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി ഉണ്ണിക്കൃഷ്ണൻ ആശാനെ സമീപിച്ചു. മദ്ദള വാദ്യം പെൺകുട്ടികൾ പ്രയാസമാണെന്നായിരുന്നു ആശാന്റെ മറുപടി. എന്നാൽ അവളുടെ തീവ്രമായ ആഗ്രഹത്തിന് മുന്നിൽ വഴങ്ങിയ നാരായണൻ നായർ പ്രിയ ശിഷ്യൻ നെല്ലുവായ് ശശിയെ ശിഷ്യയായി ഏൽപ്പിച്ചു. സൗജന്യമായി ശശി മദ്ദള വാദ്യം പഠിപ്പിച്ചു. പുലർച്ചെയും വൈകീട്ടുമായി ഒരു വർഷത്തിനുള്ളിൽ കേളി അഭ്യസിച്ച് നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിൽ അരങ്ങേറുകയായിരുന്നു ആ മിടുക്കി. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അനശ്വര ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവയിലും അരങ്ങേറിക്കഴിഞ്ഞു. നെല്ലുവായ് കൈക്കുളത്തിൽ രവി ലത ദമ്പതികളുടെ മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശബരി നാഥ്, വടുതല വീട്ടിൽ ശ്രീനേഷ് രോഷ്‌നി ദമ്പതികളുടെ മകൻ നാലാം ക്ലാസ് വിദ്യാർത്ഥി ദേവ സൂര്യ, മുല്ലക്കൽ വീട്ടിൽ സുരേന്ദ്രൻ സുനിഷ ദമ്പതികളുടെ മകൻ നാലാം ക്ലാസ് വിദ്യാർത്ഥി ഗൗതം എന്നിവരും അനശ്വരയോടൊപ്പം അരങ്ങേറ്റം നടത്തി. ശശിയാശാന്റെ മകൻ സതീഷാണ് മദ്ദള കേളിക്ക് പ്രമാണം വഹിച്ചത്. കേളി മുഖത്തിൽ നിന്നാരംഭിച്ച് ചെമ്പട വട്ടം കടന്ന് ഇരികിടയെന്ന മുറുകിയ അവസ്ഥയിലേക്ക് അനശ്വര ഉൾപ്പടെയുള്ള കുട്ടിസംഘം കൊട്ടിക്കയറി. ഇനിയിപ്പോൾ പഞ്ചവാദ്യത്തിൽ പരിശീലിക്കണമെന്നാണ് അനശ്വരയുടെ ആഗ്രഹം. പഞ്ചവാദ്യത്തിൽ നെല്ലുവായ് മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് അനശ്വരയുടെ അരങ്ങേറ്റം നടത്തണമെന്ന ആഗ്രഹത്തിലാണ് ശശിയാശാനും.