ചേലക്കര: ഓണഘോഷത്തോട് അനുബന്ധിച്ച് വ്യാജമദ്യം, പുകയില ഉത്പന്നങ്ങൾ, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ വിപണനവും വിതരണവും തടയുന്നതിന് ഊർജ്ജിത നടപടി സ്വീകരിക്കാൻ ചേലക്കരയിൽ യു.ആർ. പ്രദീപ് എം.എൽ.എ വിളിച്ചു ചേർത്ത എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.

എക്‌സൈസ്, പൊലീസ് ഫോറസ്റ്റ് എന്നീ വിഭാഗങ്ങളുടെ കൂട്ടായ റെയ്ഡുകൾ സംഘടിപ്പിക്കും. സ്‌കൂൾ, കോളേജ്, പരിസരങ്ങളിലെ കടകളിൽ പുകയില അടക്കമുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. സ്‌കൂളുകളിലെ ലഹരി വിമുക്ത ക്ലബുകളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു.

ആറു മാസത്തിനിടെ 217 കേസുകളിലായി 161.2 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു. 43400 രൂപ പിഴയായി ഈടാക്കി. മദ്യമയക്കുമരുന്ന് ഉപയോഗത്തിനെതിരെ സ്‌കൂൾ, കോളേജ് കേന്ദ്രീകരിച്ച് 79 ബോധവൽക്കരണ ക്ലാസുകളും നടത്തി.

യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡന്റ് എം. പത്മകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ശ്രീജേഷ്, സി. തങ്കരാജ്, തുടങ്ങിയ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ ആറുമാസത്തിനിടെ

988 റെയ്ഡുകൾ

54 അബ്കാരി കേസുകൾ

47 പ്രതികൾ അറസ്റ്റിൽ

പിടികൂടിയത്

79.35 ലിറ്റർ വിദേശമദ്യം

538 ലിറ്റർ വാഷ്

അഞ്ച് ലിറ്റർ ചാരായം

8.959 കിലോ കഞ്ചാവ്

കടത്തിയ 2 ബൈക്കുകൾ