kda-kannuketti-prathishet
കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി കണ്ണുകെട്ടി പ്രതിഷേധിക്കുന്നു.

മൂന്നുമുറി: കുഞ്ഞാലിപ്പാറയിലെ ക്വാറിയുടെയും ക്രഷറിന്റെയും നിയമലംഘനം അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ എത്തിക്കാൻ നിസംഗത പുലർത്തുന്ന അധികൃതരുടെ സമീപനത്തിൽ പ്രതിഷേധിച്ച് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി കണ്ണുകെട്ടി പ്രതിഷേധിച്ചു. വിദഗ്ദ്ധ സമതി ഉടൻ അന്വേഷണത്തിനെത്തുമെന്ന് അറിയിപ്പുണ്ടായിട്ടും ഇതുവരെയും എത്താത്തതിലും ശക്തമായി പ്രതിഷേധിച്ചു.

തുടർന്ന് കുഞ്ഞാലിപ്പാറയിൽ പ്രവർത്തിക്കുന്ന ക്രഷറും പാറമടയും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയും ജനകീയ കുട്ടായ്മയും പ്രതിഷേധ യോഗം നടത്തി. സംരക്ഷണ സമിതി ചെയർമാൻ സി.കെ. രഘുനാഥ് അദ്ധ്യക്ഷനായി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വിഷയത്തിന് അടിയന്തര പ്രാധാന്യം നൽകേണ്ടതിന് പകരം തികഞ്ഞ നിസംഗതയാണ് അധികൃതർ പുലർത്തുന്നതെന്ന് യോഗം വിമർശിച്ചു.

വിദഗ്ദ്ധ സമിതി വൈകുന്ന ഓരോ നിമിഷവും ക്രഷർ കമ്പനിയുടെ നിയമലംഘനം വേഗത്തിൽ മറയ്ക്കാൻ സഹായിക്കുമെന്നാണ് സമരക്കാരുടെ വാദം. വിദഗ്ദ്ധ സമിതി ഉടൻ എത്തിച്ചേർന്നില്ലെങ്കിൽ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.