പുതുക്കാട്: പാലിയേക്കരയിൽ ടോൾ കമ്പനി പ്രദേശവാസികൾക്ക് സൗജന്യ യാത്രാപാസ് നിഷേധിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് കോൺഗ്രസ്. ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി സി. രവീന്ദ്രനാഥ് ജനങ്ങളോട് മറുപടി പറയണമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിലൂടെ വൻ സാമ്പത്തിക നേട്ടമാണ് ടോൾ കമ്പനി നേടുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇറക്കിയ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് തദേശവാസികൾക്ക് സൗജന്യ യാത്രാ പാസ് നൽകിയത്. തുടർന്ന് ലഭിച്ചിരുന്ന യാത്രാ പാസ് നാഷണൽ ഹൈവേ അതോറിറ്റി കഴിഞ്ഞ വർഷം എപ്രിൽ 11ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് നിറുത്തലാക്കിയത്.

കഴിഞ്ഞവർഷം എപ്രിൽ 16ന് നാഷണൽ ഹൈവേ അതോറിറ്റി പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിലുടെ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് ടോൾ കമ്പനി പ്രദേശവാസികളുടെ പഴയതും പുതിയതുമായ വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകിയിട്ടില്ല. ഇതിനെതിരെ അധികൃതർക്ക് പരാതി സമർപ്പിക്കുകയും പരാതിക്ക് പരിഹാരം കാണാതായതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു.

പരാതിയിൽ തീർപ്പ് കൽപ്പിക്കണമെന്ന കോടതിയുടെ നിർദേശവും നടക്കാതെ വന്നതോടെ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ നിന്നും രക്ഷപെടാൻ സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കി. സൗജന്യ പാസ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കുന്നതായും തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇക്കാരണത്താൽ തന്നെ സൗജന്യ പാസ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.

യാത്രാസൗജന്യം ലഭിക്കുന്ന 43,000 വാഹന ഉടമകളുടെ സൗജന്യം ഫാസ് ടാഗ് സംവിധാനം ഏർപ്പെടുത്തുമ്പോൾ സംസ്ഥാന സർക്കാർ എങ്ങനെയാണ് ടോൾ കമ്പനിക്ക് അടയ്ക്കുക എന്ന കമ്പനിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതാണ് പ്രശ്നം. കോൺഗ്രസ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ അഫിഡവിറ്റ് ബോധിപ്പിക്കാത്തത് ടോൾ കമ്പനിയെ സഹായിക്കാനാണെന്നും ടാജറ്റ് കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.എൽ. ജോസ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.എൽ. ജെയ്‌സൺ എന്നിവരും ഉണ്ടായിരുന്നു.