തൃശൂർ : ഓണത്തോട് അനുബന്ധിച്ചുള്ള ഓപറേഷൻ വിശുദ്ധിയുടെ ഭാഗമായി പുത്തൂരിൽ നിന്നും ഇന്നോവ കാറിൽ കടത്തുകയായിരുന്ന 720 കുപ്പി വ്യാജമദ്യം തൃശൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ. സനുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടി. തൃശൂർ സ്വദേശികളായ അതുൽ (25), നാസർ (45), ഷാജി (48) എന്നിവരാണ് പിടിയിലായത്.
ഇവരുടെ വടക്കുംഞ്ചേരിയിലെ വ്യാജമദ്യ നിർമ്മാണ യൂണിറ്റിൽ നിന്ന് കാലിക്കുപ്പികൾ, ഒഴിഞ്ഞ സ്പിരിറ്റ് കന്നാസുകൾ, വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകൾ, കുപ്പികളിൽ പതിക്കുന്നതിനുള്ള ലേബലുകൾ, ബ്ലൻഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വലിയ ടാങ്കുകൾ, 44 കുപ്പി വ്യാജ മദ്യം, സ്പിരിറ്റിൽ ചേർക്കുന്നതിനുള്ള കാരമൽ എന്നിവയും പിടിച്ചെടുത്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.എഫ് സുരേഷ് , പ്രിവന്റീവ് ഓഫീസർ കെ.എം സജീവ്, ബാഷ്പജൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുനിൽ, മനോജ് കുമാർ, ഷാജു, സുധീർ കുമാർ, ജെയ്‌സൺ, സനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.