കൊടുങ്ങല്ലൂർ: നഗരസഭാ യോഗത്തിൽ നിന്ന് ബി.ജെ.പി അംഗങ്ങളും പിറകെ കോൺഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോക്ക് നടത്തി. തുടർന്ന് കോൺഗ്രസ്

അംഗങ്ങൾ നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോൾ ബി.ജെ.പി കൗൺസിലർമാർ നഗരത്തിൽ പ്രകടനം നടത്തി. ഇറങ്ങിപ്പോക്ക് നിർഭാഗ്യകരമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. നഗരസഭാ പ്രദേശം സമ്പൂർണ്ണമായും വൈദ്യുതീകരിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി പരാജയമായെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ഭരണപക്ഷം അവഗണിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.

2017 -2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിൽ സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകളിൽ ഒരു വർഷക്കാലമായി യാതൊരു അറ്റകുറ്റ പണികളും നടത്താത്തതിനാൽ പൂർണ്ണ പരാജയമായെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. മലപ്പുറത്തുള്ള ഒരു സ്ഥാപനത്തിന് 9,​96,​000 രൂപക്കാണ് പ്രവർത്തി നൽകിയത്. എന്നാൽ പദ്ധതി പാതിവഴി വീണുപോയപ്പോൾ പല കൗൺസിൽ യോഗങ്ങളിലും പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നെങ്കിലും ഭരണസമിതി യാതൊരു നടപടിയും എടുത്തില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. വിവിധ വാർഡുകളിൽ പോസ്റ്റിട്ട് സ്ട്രീറ്റ് ലൈൻ വലിക്കുന്ന പദ്ധതിക്കായി 80 ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ അടച്ചിട്ടും പദ്ധതി നടപ്പാക്കുവാൻ സാധിക്കാത്തത് ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയാണെന്നും, നഗരമാകെ തെരുവ് വിളക്കുകൾ കത്താത്ത സ്ഥിതിയാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കഷ്ണന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടനം നടത്തിയത്.

നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾ തടഞ്ഞുവെക്കുന്നതായി ആരോപിച്ചും നഗരത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ചുമാണ് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോക്ക് നടത്തിയത്. തുടർന്ന് നഗരസഭാ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. എൽ.ഡി.എഫും ബി.ജെ.പിയും നിരവധി വർക്കുകൾ പങ്കിട്ട് എടുത്തപ്പോൾ കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ നാമമാത്രമായ വർക്കുകളാണ് ലഭിച്ചിരിക്കുന്നതെന്നും ഇക്കാര്യം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. പാർലിമെന്ററി പാർട്ടി ലീഡർ വി.എം.ജോണി നേതൃത്വം നൽകി. കുത്തിയിരിപ്പ് സമരം കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

..................................

ഇറങ്ങിപ്പോക്ക് നടത്തിയത് ദൗർഭാഗ്യകരം: ചെയർമാൻ

നഗരസഭയിലെ ബി.ജെ.പി,​ കോൺഗ്രസ് പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ നിന്ന് ഇറങ്ങി പോക്ക് നടത്തിയത് ദൗർഭാഗ്യകരമാണെന്നും നിസാരകാര്യങ്ങൾ പറഞ്ഞാണ് ഭരണം സ്തംഭിപ്പിക്കാൻ ഇവർ കൂട്ടായി ശ്രമിക്കുന്നതെന്നും ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ എല്ലാ റോഡുകളിലും എൽ.ഇ.ഡി ബൾബുകൾ ഉൾപ്പെടെ ലൈൻവലിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഈ വർഷം ലൈൻ വലിക്കവാൻ 60 ലക്ഷം രൂപയാണ് കെ.എസ്.ഇ.ബിയിൽ അടച്ചിട്ടുള്ളത്. മഴക്കെടുതി മൂലം സാധാരണ നിലയിൽ ചില ബൾബുകൾ ഫ്യൂസ് ആയതൊഴികെ എല്ലാം കത്തുന്നുണ്ട്. കേടുവന്നത് അതാത് സമയത്ത് മാറ്റി സ്ഥാപിക്കുന്നുണ്ട്. ഇതിന് സമരം ചെയ്യേണ്ടതില്ലെന്നും ചെയർമാൻ പറഞ്ഞു.

ബി.ജെ.പി ഇറങ്ങിപ്പോയപ്പോൾ തങ്ങളും മോശക്കാരല്ലെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ആകെ നാല് അംഗങ്ങളുള്ള കോൺഗ്രസ് കൗൺസിലർമാർ നടത്തിയ സമരാഭാസത്തിന് പിന്നിലെന്ന് ഇടതു മുന്നണി പാർലിമെന്ററി പാർട്ടി നേതാക്കളായ സി.സി വിപിൻ ചന്ദ്രനും കെ.എസ്. കൈസാബും പറഞ്ഞു.

വികസനത്തിൽ തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പി,​ കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ ഭരണപക്ഷത്തുള്ള വാർഡുകളേക്കാൾ കൂടുതൽ തുക വകയിരുത്തിയതെന്നും ഇവർ കൂട്ടിച്ചേർത്തു.