തൃശൂർ: ജനിച്ചാൽ മരിക്കണം. വൈദ്യശാസ്‌ത്രത്തിന് മരണത്തെ എത്ര നാൾ നീട്ടാൻ പറ്റും ? മരണം വരട്ടെ. തടയേണ്ട... മരണമെത്തുന്ന നേരത്ത് പരോക്ഷ ദയാവധത്തിന് സ്വയം വിധേയനാവുക...ഡോ. ജോസ് ബാബുവിന്റെ ദർശനം അതാണ്.
വൈദ്യശാസ്ത്ര ഇടപെടലിലൂടെ ജീവൻ നീട്ടാതെ സ്വാഭാവികമായി മരണം വരിക്കാൻ ലിവിംഗ് വിൽ രജിസ്റ്റർ ചെയ്ത് ഡോ. ജോസ് ബാബു ചരിത്രം കുറിച്ചു. ആയുരാരോഗ്യ സൗഖ്യമുള്ള 45 വയസിൽ.
പരോക്ഷ ദയാവധത്തിനും (പാസീവ് യൂത്തനേഷ്യ) അതിനായി സമ്മതപത്രം (ലിവിംഗ് വിൽ) രജിസ്റ്റർ ചെയ്യുന്നതിനും നിയമസാധുത നൽകുന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഡോ. ജോസ് ബാബുവിന്റെ തീരുമാനം.
അഡ്വ. പി.ഡി. റാഫേൽ മുഖേന തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് രണ്ടാം നമ്പർ കോടതിയിലായിരുന്നു രജിസ്ട്രേഷൻ.
തൃശൂർ മെഡിക്കൽ കോളേജിലെ പൂർവവിദ്യാർത്ഥിയായ ജോസ് ബാബു വയനാട്ടിലും ഒല്ലൂരിലെയും ആശുപത്രികളിൽ ഡോക്‌ടറായിരുന്നു. പത്തുവർഷമായി ആൽഫ പാലിയേറ്റീവ് കെയറിലെ മെഡിക്കൽ വിഭാഗം മേധാവിയാണ്.
നഴ്സായ ഭാര്യയുടെ പൂർണ പിന്തുണയോടെയാണ് സ്വയം ദയാവധത്തിനുള്ള സമ്മതപത്രം രജിസ്റ്റർ ചെയ്‌തത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ മൂത്തമകനെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. ഇളയ കുട്ടി മൂന്നാം ക്ലാസിലാണ്.
ലിവിംഗ് വിൽ നടപ്പാക്കാൻ സാമൂഹ്യ പ്രവർത്തകനായ സഹോദരന്റെ പേരാണ് ചേർത്തിരിക്കുന്നത്. മറ്റ് ബന്ധുക്കൾക്കും സമ്മതമാണ്.
ദയാവധത്തിനായുള്ള നിയമ പോരാട്ടത്തിന്റെ ചെറിയൊരു ചരിത്രം ഡോക്‌ടറുടെ കുടുംബത്തിലുമുണ്ട്. ഡോക്‌ടറുടെ സഹോദരിയുടെ ഭർതൃപിതാവ് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്ത് വർഷം മുൻപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ആ കേസ് തള്ളിപ്പോയി.
ലിവിംഗ് വിൽ എന്നാൽ
ജീവിതാന്ത്യത്തിൽ താത്പര്യമില്ലാത്ത ചികിത്സ നിരസിക്കാനും അത്തരം ചികിത്സകൾ തുടങ്ങിയെങ്കിൽ പിൻവലിക്കാനും ആരോഗ്യവും മാനസികശേഷിയുമുള്ളപ്പോൾ വ്യക്തി എഴുതിവയ്ക്കുന്ന രേഖ. വ്യക്തി രോഗം മൂലമോ മറ്റ് കാരണങ്ങളാലോ അബോധാവസ്ഥയിലോ അർദ്ധബോധാവസ്ഥയിലോ ആയാൽ ശരിയായ തീരുമാനമെടുക്കാൻ ഡോക്ടർക്കും ഉറ്റവർക്കും സഹായകരമാണ് ഈ രേഖ.
എന്തൊക്കെ നിഷേധിക്കാം
വെന്റിലേറ്റർ, മൂക്കിലൂടെയുള്ള ഭക്ഷണക്കുഴൽ, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയ, ആന്റിബയോട്ടിക്കുകൾ തുടങ്ങി താത്പര്യമില്ലാത്തവ രോഗിക്ക് നിർദ്ദേശിക്കാം. ഏതൊക്കെ വേണമെന്ന് നിർദ്ദേശിക്കാനാവില്ല.
നിയമസാധുത
രണ്ടു സാക്ഷികളുടെ ഒപ്പോടെയാണ് രജിസ്ട്രേഷൻ. ചികിത്സിക്കുന്ന ഡോക്ടർ നിബന്ധനകൾ അനുസരിക്കണം. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാദ്ധ്യതയുണ്ടെങ്കിൽ ഡോക്ടർക്ക് ചികിത്സ തുടരാം. തർക്കമുണ്ടെങ്കിൽ ഹൈക്കോടതിയിൽ പരിഹരിക്കണം. ജീവൻ നിലനിറുത്തുന്ന ഉപാധികൾ പിൻവലിക്കുന്നത് തീരുമാനിക്കേണ്ടത് ജുഡിഷ്യൽ മജിസ്‌ട്രേട്ടാണ്. ഇതിന് മെഡിക്കൽ ബോർഡിന്റെ ശുപാർശ വേണം. ലിവിംഗ് വിൽ നടപ്പാക്കാൻ രോഗിക്ക് വിശ്വാസമുള്ള ഒരു വ്യക്തിയെ നിർദ്ദേശിക്കാം. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ലിവിംഗ് വിൽ പരിഷ്‌കരിക്കാം.
''നിരവധി രോഗികളെ ജീവിതാന്ത്യത്തിൽ ശുശ്രൂഷിക്കേണ്ടിവന്ന അനുഭവത്തിൽ നിന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്''
ഡോ. ജോസ് ബാബു