തൃശൂർ: രാമായണം പ്രമേയമാക്കി 1984ൽ കുട്ടികൾ നാടകം അവതരിപ്പിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് നളിനി ടീച്ചർക്ക് ഹനുമാനോടുള്ള പ്രിയം. അന്നുമുതൽ എവിടെ പോയാലും ടീച്ചർ ഹനുമാൻ വിഗ്രഹം ശേഖരിക്കും. 82ാം വയസിൽ ശേഖരത്തിലുള്ള വിഗ്രഹങ്ങൾ 300ന് മുകളിലെത്തി. രണ്ടു രൂപ മുതൽ 30,000ൽ അധികം വിലയുള്ളവയുണ്ട് അക്കൂട്ടത്തിൽ. ഇപ്പോൾ മറ്റൊരു ആഗ്രഹപൂർത്തീകരണത്തിന്റെ നിറവിലാണ് ടീച്ചർ.
1978ൽ ടീച്ചർ പൂങ്കുന്നത്ത് സ്ഥാപിച്ച ഹരിശ്രീ സ്‌കൂളിൽ ഹനുമാൻ വിഗ്രഹങ്ങൾക്ക് മാത്രമായി ഒരു മ്യൂസിയം ഇന്ന് തുറക്കും. ഹനുമാൻ വിഗ്രഹങ്ങൾ വീട്ടിൽ കുന്നുകൂടാൻ തുടങ്ങിയതോടെയാണ് ഈ തീരുമാനത്തിലെത്തിയത്. സ്‌കൂളിലെ ഒന്നാം ക്‌ളാസ് മുതൽ പ്‌ളസ്ടു വരെയുള്ള കുട്ടികൾ ചിത്രങ്ങളും വിഗ്രഹങ്ങളുമായെത്തിയതോടെ മ്യൂസിയം കൂടുതൽ മനോഹരമായി.
ഒരു കാര്യം വിചാരിച്ചാൽ ആഞ്ജനേയൻ ഭംഗിയോടെ നടത്തിത്തരുമെന്നാണ് ടീച്ചറുടെ വിശ്വാസം. സ്വർണത്തിലും തടിയിലും മണ്ണിലും കല്ലിലും എന്തിന് താക്കോലിലും താഴിലും വിളക്കിലും മണിയിലും വരെ ഹനുമാൻ രൂപങ്ങൾ ഇവിടെയുണ്ട്. രാമനെയും സീതയെയും തോളിലേറ്റിയ വലിയ രൂപങ്ങളും മരുത്വാമല ചുമന്ന് വരുന്ന ഹനുമാൻ രൂപങ്ങളും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. 26,000 രൂപ നൽകി അന്ന് വാങ്ങിയ വിഗ്രഹത്തിന് ഇന്ന് 60,000 രൂപയെങ്കിലുമാകുമെന്ന് ടീച്ചർ പറയുന്നു. സമ്മാനമായി ലഭിച്ച വിഗ്രഹങ്ങളിൽ അവരുടെ സ്‌നേഹത്തിനാണ് മൂല്യം. ചോക്ലേറ്റിന്റെ സിൽവർ കവറുകൊണ്ട് കുട്ടികളുണ്ടാക്കി തന്ന ഹനുമാൻ ചിത്രം അത്തരത്തിലൊന്നാണ്. വടക്കുംചേരി കണ്ണമ്പുറ നായർ തറവാട്ടിലെ അംഗമാണ് നളിനി ചന്ദ്രൻ. ഭർത്താവ് മിലിട്ടറിയിലായിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് തൃശൂരിലെത്തുന്നതും ഹരിശ്രീ സ്‌കൂൾ ആരംഭിക്കുന്നതും. അന്ന് നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പിന്നീടുള്ള എല്ലാ വർഷവും കുടുംബത്തിൽ നിന്നുള്ള ഒരാൾ സ്‌കൂളിലെത്തി ആ ദിസം നിലവിളക്ക് കൊളുത്തും. ഇന്ന് കുടുംബത്തിൽപ്പെട്ട നാരായണനുണ്ണിയാണ് വിളക്ക് കൊളുത്തുക. ഇപ്പോൾ പൂങ്കുന്നത്താണ് ടീച്ചറുടെ താമസം.