udf
ഉപതിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തുന്നു.​

​​മാള: കുഴൂർ പഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ നിത കൃഷ്ണൻ 118 വോട്ടിന് വിജയിച്ചു. നിത കൃഷ്ണൻ 359 വോട്ട് നേടിയാണ് യു.ഡി.എഫ് സീറ്റ് നിലനിറുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെസി പോളി 241 വോട്ട് നേടി. എൻ.ഡി.എ സ്ഥാനാർത്ഥി ഷൈലജ ഗോപകുമാറിന് 168 വോട്ടും ലഭിച്ചു. യു.ഡി.എഫ് അംഗമായിരുന്ന പി. ശാന്തകുമാരിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 1074 വോട്ടർമാരുള്ള വാർഡിൽ രണ്ട് ബൂത്തുകളിലായി 768 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പി. ശാന്തകുമാരി 226 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.​ കുഴൂർ പഞ്ചായത്തി​ലെ ​ ആകെയുള്ള 14 അംഗ ഭരണസമിതി​യിൽ ​ യു.ഡി.എഫിന് ഇപ്പോൾ ഏഴും എൽ.ഡി.എഫിന് അഞ്ചും എൻ.ഡി.എക്ക് രണ്ടും അംഗങ്ങ​ളുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി. ശാന്തകുമാരിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിലെ സിൽവി സേവ്യർ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നാളിതുവരെ എൽ.ഡി.എഫിന് ഒരിക്കൽ പോലും ഭരണം ലഭിക്കാത്ത കുഴൂർ പഞ്ചായത്ത് യു.ഡി.എഫിന്റെ പ്രധാന കേന്ദ്രമായാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ അംഗബലത്തിൽ ഒപ്പമെത്തുന്നതിന് വേണ്ടി ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വലിയ ശ്രമമാണ് നടത്തിയത്. എൽ.ഡി.എഫ് പ്രചരണത്തിന് വേണ്ടി മന്ത്രി എ.സി. മൊയ്തീൻ കുഴൂരിലെ വാർഡിലെത്തിയിരുന്നു. യു.ഡി.എഫിന് വേണ്ടി ബെന്നി ബഹനാൻ എം.പിയും എത്തി. അതേസമയം എൻ.ഡി.എ വലിയ മുന്നേറ്റമാണ് വാർഡിൽ നടത്തിയത്. ഇരുമുന്നണികളുടേയും പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തി അനുകൂലമാക്കുന്നതിന് എൻ.ഡി.എക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിക്ക് കഴിഞ്ഞു.