എരുമപ്പെട്ടി: പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത വികലാംഗ പെൻഷൻ തിരിച്ചു വാങ്ങിയതായി പരാതി. മങ്ങാട് പാറപ്പുറത്ത് ഭാസ്‌കരന് നൽകിയ പെൻഷനാണ് തിരികെ വാങ്ങിയത്. ഭാസ്‌കരന് നിലവിൽ വാർദ്ധക്യ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതാണ്. ഇതോടൊപ്പം വികലാംഗ പെൻഷന് അപേക്ഷിച്ചപ്പോൾ അനുവദിച്ചിരുന്നു.

വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് മറ്റു ക്ഷേമ പെൻഷനുകൾ അനുവദിക്കണമെന്ന 2019 ഫെബ്രുവരി 16ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് പെൻഷൻ അനുവദിച്ചത്. ഇതുപ്രകാരം ബാങ്ക് ഏർപ്പെടുത്തിയ ജീവനക്കാരി വാർദ്ധക്യകാല പെൻഷനായ 3600 രൂപയും, വികലാംഗ പെൻഷനായ 600 രൂപയും കഴിഞ്ഞ ദിവസം ഭാസ്‌കരന് നൽകി.

എന്നാൽ മണിക്കൂറുകൾക്കകം ജീവനക്കാരിയെത്തി രണ്ട് പെൻഷൻ നൽകാൻ കഴിയില്ലെന്ന് അറിയിച്ച് വികലാംഗ പെൻഷൻ മടക്കി വാങ്ങിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനുകൂല മറുപടി ലഭിച്ചില്ലെന്നും അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിച്ച നടപടിയിൽ പ്രതിഷേധമുണ്ടെന്നും വാർഡ് മെമ്പർ സി.എ. ജോസഫ് പറഞ്ഞു.

സി.പി.എം നേതൃത്വം നൽകുന്ന ബാങ്ക് ഭരണസമിതിയുടെ നടപടിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് എം.കെ. ജോസ് അദ്ധ്യക്ഷനായി. സംഭവം വിവാദമായതോടെ ബാങ്ക് ഭാസ്കരന് പെൻഷൻ തുക മടക്കി നൽകി.

ഉത്തരവ് കിട്ടിയില്ല

സർക്കാർ ഉത്തരവ് ബാങ്കിൽ ലഭിക്കാത്തതിനാലും രണ്ട് പെൻഷനുകൾ ഒരുമിച്ച് നൽകേണ്ടി വന്നപ്പോൾ വിതരണം ചെയ്ത വ്യക്തിക്കുണ്ടായ അവ്യക്തതയുമാണ് പെൻഷൻ തുക മടക്കി വാങ്ങാൻ ഇടയാക്കിയത്. ബാങ്കിന്റെ നിർദ്ദേശ പ്രകാരം പെൻഷൻ തുക ഭാസ്‌കരന് തിരികെ നൽകിയിട്ടുണ്ട്. അനുവദിച്ച മുഴുവൻ ആളുകൾക്കും കൃത്യ സമയത്ത് പെൻഷൻ നൽകുന്നതിൽ മികച്ച പ്രവർത്തനമാണ് ബാങ്ക് കാഴ്ച വയ്ക്കുന്നത്.

യു.എസ്. കൃഷ്ണൻകുട്ടി,​ ബാങ്ക് പ്രസിഡന്റ്