gvr-temple-station
ഗുരുവായൂർ വടക്കേ നടയിൽ പ്രവർത്തനം ആരംഭിച്ച താത്കാലിക ടെമ്പിൾ പൊലീസ് സ്റ്റേഷൻ

ഗുരുവായൂർ: ടെമ്പിൾ പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി വടക്കെ നടയിലേക്ക് മാറ്റി. താത്കാലിക സ്‌റ്റേഷന്റെ പ്രവർത്തനം ഇന്നലെ തുടങ്ങി. കൈരളി ജംഗ്ഷിൽ മാഞ്ചിറ റോഡിനടുത്ത് ദേവസ്വത്തിന്റെ പഴയ രണ്ടു നില കെട്ടിടത്തിലാണ് താത്കാലിക സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.

ഗുരുവായൂർ എ.സി.പി: ബിജു ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ടെമ്പിൾ സി.ഐ: പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐമാരായ എ. അനന്തകൃഷ്ണൻ, എം.പി. വർഗീസ് എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കെട്ടിടത്തിനുള്ളിൽ സ്റ്റേഷൻ പ്രവർത്തനത്തിനു വേണ്ട മുഴുവൻ പണികളും പൂർത്തിയായിട്ടില്ല. സി.ഐ, എസ്.ഐ എന്നിവരുടെ മുറികളും പൊലീസുകാർക്ക് ഇരിക്കാനുള്ള മുറികളുടെയും പണികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.

മുകൾ നിലയിൽ പൊലീസുകാർക്ക് വിശ്രമിക്കാനുള്ള ഹാളിന്റെ നിർമ്മാണം തീരാനുണ്ട്. പഴയ സ്റ്റേഷൻ കെട്ടിടം പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം പുതിയ കെട്ടിടത്തിന് തറക്കല്ലിടും. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാകുന്നതുവരെ താത്കാലിക സ്റ്റേഷൻ തുടരും.