kamalam

ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചേർന്ന് കമലത്തെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു.

അരിമ്പൂർ: തകർന്ന് തുടങ്ങിയ വീട്ടിൽ കഴിഞ്ഞിരുന്ന 76 വയസുള്ള അമ്മയെ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും പൊതു പ്രവർത്തകയും ചേർന്ന് കൂനംമൂച്ചി അരുവി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മനക്കൊടി കിഴക്കുംപുറത്ത് നാരായപറമ്പ് കളരിയ്ക്കൽ എൻ.ആർ. കമലത്തിനാണ് സംരക്ഷണമൊരുക്കിയത്.

പൊതുപ്രവർത്തകയായിരുന്നു കമലം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെയായി മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. അയൽക്കാരാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. മകനുള്ളത് കോഴിക്കോടാണ്. കഴിഞ്ഞ ദിവസം വന്ന അയാൾ കമലത്തിന് ലഭിച്ച ക്ഷേമ പെൻഷനും വാങ്ങിയാണ് പോയതത്രെ. മകനുമായി ജാഗ്രതാ സമിതി അംഗങ്ങളും പൊതുപ്രവർത്തകരും ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പൊതു പ്രവർത്തക മാലരമണൻ പറഞ്ഞു. മാലരമണന് ലഭിച്ച വിവരത്തെ തുടർന്നാണ് അവരും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ്, പഞ്ചായത്ത് അംഗം ജയശ്രീ രവി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ നിത, അംഗൻവാടി ജീവനക്കാരായ ഗീത ജയരാജ്, രമ എന്നിവർ ചേർന്ന് അരിമ്പൂർ പഞ്ചായത്തിന്റെ വാഹനത്തിൽ കൂനംമൂച്ചിയിലേക്ക് കൊണ്ടുപോയത്.