gvr-thuranna-vayanasala
ഗുരുവായൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ യാത്രക്കാർക്കായുള്ള വായന ശാല ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ യാത്രക്കാർക്കായി തുറന്ന വായനശാല ആരംഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസിന്റെ വകയായാണ് പുസ്തകശാല തുടങ്ങിയത്. സ്റ്റേഷൻ മാസ്റ്ററുടെ മുറിയുടെ അടുത്തായി മനോഹരമായി സജ്ജീകരിച്ചിട്ടുളളതാണ് ഓപൺ ലൈബ്രറി.

500 ഓളം പുസ്തകങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലുണ്ട്. യാത്രക്കാർ പുസ്തകങ്ങൾ സ്വയം എടുക്കുകയും വായന കഴിഞ്ഞാൽ കേടുവരുത്താതെ തിരിച്ചുവയ്ക്കുകയും ചെയ്യുന്ന തരത്തിൽ ഓപ്പൺ ലൈബ്രറിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചുമർചിത്രങ്ങളുടെ പ്രദർശനവും സ്റ്റാളിലുണ്ട്. ദേവസ്വം ചുമർച്ചിത്ര പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ചുമർചിത്രങ്ങൾ തയ്യാറാക്കിയത്.

ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം. രതി അദ്ധ്യക്ഷയായി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി വായനാദിന സന്ദേശം നൽകി. എൻ.എസ്.എസ് ജില്ലാ - കോർഡിനേറ്റർ സി.കെ. ബേബി, ദേവസ്വം ഭരണസമിതി അംഗം കെ.കെ. രാമചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈലജ ദേവൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, എ.ടി.ഒ: എസ്. സന്തോഷ്, മുരളി പുറനാട്ടുകര, എം. ജയശ്രീ എന്നിവർ പ്രസംഗിച്ചു.

ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാറിനെ ചടങ്ങിൽ ആദരിച്ചു. ചിത്രങ്ങൾ വരച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.