തൃശൂർ : ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ ഫണ്ട് നൽകാത്തതിനാൽ ദേശീയപാത 66 വികസനത്തിനായുള്ള ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ ഓഫീസിന്റെ പ്രവർത്തനം മുടങ്ങി. ഏഴ് മാസത്തെ ഓഫീസ് കെട്ടിടത്തിന്റെ വാടകയും വാഹന വാടകയും ഉൾപ്പെടെ 12.69 ലക്ഷം രൂപയാണ് നാഷനൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ നൽകാനുള്ളത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് എൻ.എച്ച്.എ അധികൃതരോട് വിശദീകരണം തേടി. കെട്ടിട വാടക നൽകാത്തതിനാൽ ഉടമ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഡ്രൈവർമാരും സർവേയർമാരും കൂലിക്കായി ഓഫീസ് കയറിയിറങ്ങുകയാണ്. സോഫ്റ്റ്‌വെയർ തകരാറിലാണെന്നാണ് പണം അനുവദിക്കുന്നതിന് തടസമായി എൻ.എച്ച്.എ.ഐ യോഗത്തിൽ നൽകിയ വിശദീകരണം
ദേശീയപാത 66 വികസനത്തിനായി ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വില്ലേജ് വരെ 62.655 കിലോ മീറ്റർ നീളത്തിൽ 204.75 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചാവക്കാട് താലൂക്കിന്റെയും കൊടുങ്ങല്ലൂർ താലൂക്കിന്റെയും ത്രീഎ വിജ്ഞാപനം 2018 ജൂൺ എട്ടിന് കേന്ദ്ര സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ മേത്തല, വാടാനപ്പിള്ളി വില്ലേജുകൾ ഒഴികെയുള്ള 18 വില്ലേജുകളിലെ 145.73 ഹെക്ടർ ഭൂമിയുടെ ത്രീഡി വിജ്ഞാപനം 2019 ഏപ്രിൽ ഒമ്പതിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ത്രീഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് 59.02 ഹെക്ടർ ഭൂമിയാണ് ബാക്കിയുള്ളത്.
കുടിശികകൾ
വാഹന കുടിശിക 4.69 ലക്ഷം
ഓഫീസ് കെട്ടിട വാടക 2.89 ലക്ഷം
സർവേ നടത്തിയ ചെയിൻ സർവേക്കാർക്ക് നൽകേണ്ട കൂലി 3.78 ലക്ഷം
ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് 81,925
സോഫ്റ്റ്‌വേർ ഇൻസ്റ്റാൾ ചെയ്തവർക്ക് 50,000 രൂപ
കൂടാതെ യാത്രാബത്ത ഇനം
സ്ഥലമെടുക്കൽ തടസപ്പെട്ടു
എൻ.എച്ച്.എ.ഐ അധികൃതരുടെ നിലപാട് മൂലം ജില്ലയിലെ സ്ഥലമെടുക്കൽ പ്രവർത്തനം തടസപ്പെട്ടു. ഇക്കാര്യം സംസ്ഥാന സർക്കാറിനെയും ദേശീയപാത അതോറിറ്റി ഉന്നതാധികാരികളെയും അറിയിക്കും
എസ്. ഷാനവാസ്
ജില്ലാ കളക്ടർ