ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് സംയോജിത ഫാം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആട് ചന്തയിൽ പതിനഞ്ചോളം ആടുകളുടെ വിൽപ്പന നടന്നു. ആടുഗ്രാമം പദ്ധതി പ്രകാരം ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഗുണഭോക്താക്കൾ ഉത്പാദിപ്പിച്ച ആടുകളെയാണ് വിൽപ്പനയ്ക്കായി എത്തിച്ചത്.
പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്ന മലബാറി, സങ്കരയിനം ആടുകളുടെ വിപണനം തുടർ മാസങ്ങളിലും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. അതുവഴി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയുമാണ് ബാങ്കിന്റെ ലക്ഷ്യം. ഡിസംബറിൽ സീസൺ ആരംഭിക്കുന്നതോടെ കൂടുതൽ ആടുകളെ വിപണനം ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് ബാങ്ക് അധികൃതർ.
ആടുകളെ ചന്ത വഴി വിപണനം നടത്തുന്നത് വഴി വിപണനത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കാനാവുന്നു എന്നതും ശ്രദ്ധേയമാണ്. ആട്ടിൻ കാഷ്ഠവും ആട്ടിൻ മൂത്രവും ബാങ്ക് വിപണം ചെയ്യും. ആയുർവേദ മരുന്ന് കമ്പനികളുമായുള്ള ധാരണയെ തുടർന്ന് ആട്ടിൻ മൂത്രത്തിനും വിപണ സാദ്ധ്യത തെളിഞ്ഞു.
നബാർഡ് പദ്ധതിക്കായി രണ്ടുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ടര ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിക്കുന്നത്. മഞ്ഞൾ സുഗന്ധം പരത്തി ബാങ്ക് നടപ്പിലാക്കിയ മഞ്ഞൾ കൃഷി വ്യാപന പദ്ധതിക്കു ശേഷം ബാങ്ക് ഏർപ്പെടുത്തിയ ആട് ഗ്രാമം പദ്ധതിയും ഏറെ ശ്രദ്ധേയമാവുകയാണ്.
വനിതാ ഗ്രൂപ്പുകൾ വഴി ആടുവളർത്തൽ
വനിതകളായ നാലു പേർ അടങ്ങുന്ന ഓരോ ഗ്രൂപ്പ് വീതം നിലവിൽ 18 ഗ്രൂപ്പുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഗ്രൂപ്പ് വളർത്തുന്ന ആടുകളെ ബാങ്ക് തന്നെ തിരിച്ചെടുത്ത് ചന്ത വഴി വിൽക്കുകയാണ് ചെയ്യുന്നത്. ഓരോ ഗ്രൂപ്പിനും രണ്ടര ലക്ഷം രൂപ വിലവരുന്ന കൂടും ഇരുപത് ആട്ടിൻ കുട്ടികളെയും ബാങ്ക് നൽകും. ഇൻഷ്വറൻസ്, ചികിത്സാ സൗകര്യം എന്നിവയും ബാങ്ക് എർപ്പെടുത്തിയിട്ടുണ്ട്. നാല് വനിതകൾ ഉൾപ്പെടുന്ന അമ്പത് ഗ്രൂപ്പുകൾ രൂപീകരിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
ആടുഗ്രാമം പദ്ധതി ഉദ്ഘാടനം
മണ്ണംപേട്ട: ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി ആട് ചന്ത സംഘടിപ്പിച്ചു. നബാർഡിന്റെ ഏരിയ ഡെവലപ്‌മെന്റ് പ്ലാനിൽ ഉൾപ്പെടുത്തി ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് സംയോജിത ഫാം പദ്ധതിയുടെ ഭാഗമായി ചന്ത സംഘടിപ്പിച്ചത്.
ജില്ലാ സഹകരണ ബാങ്ക് ഡി.ജി.എം ഷൈജു ജോർജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ, പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.ടി.സുമൻ, ജില്ലാ ബാങ്ക് പ്രതിനിധി ചന്ദ്രമോഹൻ, ബാങ്ക് വൈസ് പ്രസിഡന്റ് എസ്.എം. റാഫി, ഭരണ സമിതി അംഗം ടി ബി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.