ചാലക്കുടി: വാഹനാപകടത്തിൽ മരിച്ച പൂലാനിയിലെ ചങ്ങാതിമാർക്ക് കണ്ണീരോടെ വിട. അങ്കമാലിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട നടുവത്ര ശിവന്റെ മകൻ വിപിൻ, പണ്ടാല്യക്കൽ ഷാജിയുടെ മകൻ നീരജ് എന്നിവരുടെ മൃതദേഹങ്ങളാണ് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചത്.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള നിരവധിയാളുകൾ അന്ത്യോപചാരം അർപ്പിക്കാനെത്തി. ഇവരുടെ സഹപാഠികളും വിങ്ങുന്ന മനസുമായി പൂലാനിയിലെ വീടുകളിൽ എത്തിയിരുന്നു. വിപിന്റെ മൃതദേഹം മേലൂർ പഞ്ചായത്ത് ക്രിമറ്റോറിയത്തിലും നീരജന്റേത് കൊരട്ടി ക്രിമറ്റോറിയത്തിലും സംസ്‌കരിച്ചു.
ദേശീയപാതയിൽ അങ്കമാലിയിൽ വച്ചായിരുന്നു യുവാക്കളുടെ ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ എത്തിയ കാറാണ് ആദ്യം ഇടിച്ചത്. തെന്നിവീണ യുവാക്കളുടെ ദേഹത്തുകൂടി അതുവഴിവന്ന ലോറി കയറിയിറങ്ങുകയായിരുന്നു. വിപിൻ സംഭവസ്ഥലത്തും നീരജ്, രാത്രി അങ്കമാലി എൽ.എഫ് ആശുപത്രിയിലുമാണ് മരിച്ചത്.
അയൽവാസികൾക്കും നാട്ടുകാർക്കും നല്ലതുമാത്രം പറയാനുള്ള ഇവരുടെ വേർപാട് പൂലാനിയിലുണ്ടാക്കിയ നടുക്കം ചെറുതല്ല. നിറമിഴികളോടും വിങ്ങുന്ന മനസുകളോടും കൂടിയാണ് ഇവരുടെ ചേതനയറ്റ ശരീരം കാണാൻ വൻപുരുഷാരം എത്തിയത്.