ചാവക്കാട്: സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന മാനസിക വൈകല്യമുള്ള യുവാവിനെ കണ്ടക്ടർ മുഖത്തടിച്ചതായി പരാതി. അന്നകര വടക്കൂട്ട് ആന്റണിയുടെ മകൻ മനോജി(36)നാണ് അടിയേറ്റത്. അന്നകരയിൽ നിന്നും ചാവക്കാടുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് ബസിൽ വരുമ്പോഴാണ് സംഭവം.
മാമബസാറിൽ ബസ് എത്തിയപ്പോഴാണ് മുഖത്തടിച്ചതെന്ന് മനോജ് പറഞ്ഞു. പ്രത്യേക പരിഗണനയുടെ ഭാഗമായി കൺസഷൻ ടിക്കറ്റിലാണ് മനോജ് ദിവസവും ചാവക്കാട്ടേക്ക് വരുന്നത്. എന്നാൽ കാർഡ് കാണിച്ചു കൊടുത്തതായും അഞ്ചു രൂപ നൽകിയതായും മനോജ് പറയുന്നു. പണം തന്നില്ലെന്ന് കണ്ടക്ടർ പറഞ്ഞുവത്രെ.
ബസ്ലുണ്ടായിരുന്ന ക്‌ളീനറും തന്നെ അസഭ്യം പറഞ്ഞതായി മനോജ് പറഞ്ഞു. ചാവക്കാട് സ്റ്റാൻഡിലെത്തി ബസിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ ഇരുവരും ഭീഷണിപ്പെടുത്തിയതായും പറയുന്നു. പൊലീസിൽ പരാതി നൽകി.