തൃശൂർ : പുഴയ്ക്കലിലെ ഗതാഗത കുരുക്ക് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് കൂടുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. നിലവിലെ പാലത്തിൽ രൂപപ്പെട്ട വലിയ കുഴികൾ അപകടവും കുരുക്കുമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇവിടെ ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടെ പുഴയ്ക്കൽ വഴിയുള്ള യാത്ര ഏറെ ദുരിത പൂർണമാകും. നിലവിൽ ഏറെ നേരം നിരങ്ങിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. രാത്രിയോടെ ശോഭാ സിറ്റിക്ക് മുന്നിലുള്ള മീഡിയൻ പൊളിച്ച് വാഹനങ്ങൾ വഴി തിരിച്ചു വിടും.
മഴയില്ലെങ്കിൽ ടാറിംഗ് നടത്തുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു. അതേ സമയം പുതിയ പാലത്തിൽ കോൺക്രീറ്റ് ടൈലുകൾ വിരിക്കാൻ തുടങ്ങി. ആറ് ദിവസത്തിനുള്ളിൽ ഇരു ഭാഗത്തെയും ടൈലുകൾ വിരിച്ചു കഴിയുമെന്നാണ് കരുതുന്നത്. ടൈലുകളുടെ ഇരു വശങ്ങളുടെയും കോൺക്രീറ്റിംഗ് സെറ്റ് ആവാൻ പത്ത് ദിവസമെടുക്കും. ഇതിന് ശേഷം 24ന് ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ നേരത്തെ ടൈൽ വിരിക്കുന്നതിൽ നിന്നും പൊതുമരാമത്തു വകുപ്പ് പിന്മാറിയിരുന്നു. അതാണ് ഇപ്പോൾ ചെയ്യാമെന്ന് തീരുമാനിച്ചിരിക്കുന്നത്. പാലത്തിന്റെ ബല പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.