ചാലക്കുടി: അഷ്ടമിച്ചിറയിലെ പത്തൊമ്പതുകാരിയെ വശീകരിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിലെ രണ്ടു പേരെ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച അന്നമനട വാഴേലി പറമ്പിൽ വീട്ടിൽ അനീഷ് കുമാർ (45), ഇയാളുടെ ഭാര്യ അനൂജ എന്ന ഗീതു (33) എന്നിവരാണ് പിടിയിലായത്.
മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ സംഘം വശീകരിച്ചത്. ജോലിയുടെ ആവശ്യത്തിനെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആലുവയിൽ പെൺകുട്ടിയെ എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇതിന്റെ വീഡിയോയും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ വീണ്ടുമെത്തിച്ച് വിവിധയാളുകൾക്ക് കാഴ്ച വയ്ക്കുകയായിരുന്നു. മോഡലിംഗിന്റെ ആവശ്യത്തിനെന്ന് പറഞ്ഞെടുത്ത ഫോട്ടോകളായിരുന്നു ഇടപാടുകാർക്ക് നൽകിയിരുന്നത്. ആവശ്യക്കാരിൽ നിന്നും വൻ തുകയാണ് ഇവർ ഈടാക്കിയത്. പെൺകുട്ടി മാനസികമായി തകർന്നതിനെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ പെൺവാണിഭ സംഘത്തെ പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. തുടർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് സംഭവത്തിലെ മുഖ്യകണ്ണികളെ പിടികൂടിയത്.
പ്രതികളെ പിടികൂടിയ സംഘത്തിൽ മാള സി.ഐ സജിൻ ശശി, സബ് ഇൻസ്‌പെക്ടർ പി.ഡി അനിൽ കുമാർ, എ.എസ്.ഐമാരായ ജോൺസൺ, ജിനു മോൻ തച്ചേത്ത്, സീനിയർ സി.പി.ഒമാരായ സി.എം. തോമസ്, സതീശൻ മടപ്പാട്ടിൽ, റോയ് പാലോസ്, പി.എം മൂസ, സി.പി.ഒമാരായ റെജി എ.യു, ഷിജോ തോമസ്, വനിതാ പൊലീസുകാരായ പി.എൻ ഷീബ, ജിജി വി.വി എന്നിവരും ഉണ്ടായിരുന്നു.