പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ വാക കാക്കത്തുരുത്ത് കാർഷിക ഗ്രാമം വെള്ളപ്പൊക്കത്തിൽ വീണ്ടും ഒറ്റപ്പെട്ടു. ഈ വർഷത്തെ പ്രളയത്തിൽ തിരുത്തിലെ മുഴുവൻ വീടുകളൂം ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയതാണ്. 2018ലെ മഹാപ്രളയത്തിൽ കാക്കത്തുരുത്ത് കാർഷിക ഗ്രാമം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതുമാണ്.
ഒരാഴ്ചയായുള്ള ശക്തമായ മഴ മൂലം വാകയിൽ നിന്നു തിരുത്തിലേക്കുള്ള റോസ് വെള്ളത്തിനടിയിലാണ്. രണ്ടുനാൾ കൂടി മഴ ശക്തമായാൽ സ്ഥിതിഗതികൾ മോശമാകും. തിരുത്തി പുഴയിലെ ചീർപ്പ് ഷട്ടർ കേടുവന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. ഇറിഗേഷൻ വകുപ്പ് അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാകയിൽ നിന്ന് കാക്കത്തുരുത്തിലേക്കുള്ള ഏക റോഡ് ഉയരം കൂട്ടുകയും രണ്ട് പുതിയ കൺവെർട്ടറുകൾ സ്ഥാപിക്കുകയും ചെയ്താൽ പ്രശ്‌നത്തിന് പരിഹാരമാകും എന്നാണ് കക്കത്തുരുത്ത് നിവാസികളുടെ ആവശ്യം.