തൃശൂർ: ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ അക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ പ്രതിയായ ചാർപ്പ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ മുഹമ്മദ് റാഫി തൃശൂർ ജില്ലാ കോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് തള്ളി.
കഴിഞ്ഞ ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലിട്ട കുടുംബ ഫോട്ടോയിൽ, വാഴച്ചാൽ കാടർ കോളനിനിവാസിയായ ബിനു കമന്റിട്ടതിൽ പ്രകോപിതനായ റെയ്ഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ബിനുവിന്റെ ഭാര്യയും ആദിവാസിവിഭാഗത്തിൽപ്പെട്ടവരുമായ രമ്യയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബിനുവിനെയും ഭാര്യയെയും ഭാര്യാപിതാവായ ചന്ദ്രനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും രമ്യയുടെ നൈറ്റി വലിച്ചു കീറി മാനഹാനി വരുത്തുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രമ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അതിരപ്പിള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വന്യജീവിയുടെ മാംസം സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നുള്ള അറിവു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് രമ്യയുടെ വീട് റെയ്ഡ് ചെയ്തത് എന്നായിരുന്നു ചാർപ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ വാദം.
എന്നാൽ തന്നെയും, കുടുംബത്തെയും ആക്രമിച്ചുവെന്നും, മാനഹാനി വരുത്തിയെന്നുമുള്ള രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷമാണ് റെയ്ഞ്ച് ഓഫീസർ രമ്യയുടെ വീട്ടിൽ വന്യജീവിയുടെ മാംസം സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് കാണിച്ച് കേസെടുത്തതെന്ന് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.
പട്ടികവർഗക്കാർക്കെതിരായുള്ള അതിക്രമക്കേസായതിനാൽ നിയമപ്രകാരം മുൻകൂർ ജാമ്യത്തിന് പ്രതിക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയുടെ മുൻകൂർജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.