തൃശൂർ: പട്ടണപ്രദേശങ്ങളിൽ താമസിക്കുന്ന വയോജനങ്ങൾക്ക് അലോപ്പതി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സാമൂഹിക സുരക്ഷാ മിഷൻ തുടങ്ങിയ 'വയോമിത്രം' പദ്ധതി ബ്ളോക്ക് പഞ്ചായത്തുകൾ വഴി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. നഗരപ്രദേശങ്ങളിൽ പദ്ധതി വിജയകരമായതോടെയാണ് ഒരു ബ്ളോക്കിന് കീഴിലെ പഞ്ചായത്തുകളിലുളള വയോജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുന്നത്. ജില്ലയിൽ ഒല്ലൂക്കര ബ്ളോക്കിലെ പഞ്ചായത്തുകളിൽ ഉടനെ പദ്ധതി തുടങ്ങും.
രണ്ട് പഞ്ചായത്തുകൾക്ക് ഒരു ഡോക്ടറും നഴ്സും ജെ.പി.എച്ചും അടങ്ങുന്ന മെഡിക്കൽ ടീം ഉണ്ടാകും. പരിശോധന നടക്കുന്നത് രണ്ട് പഞ്ചായത്തുകളിൽ സജ്ജീകരിക്കുന്ന 20 കേന്ദ്രങ്ങളിലാകും. ഈ കേന്ദ്രങ്ങളിലായി ഒരു ടീം മാസത്തിൽ രണ്ട് തവണ സന്ദർശനം നടത്തും. പഞ്ചായത്തുകൾ നിശ്ചയിക്കുന്ന അംഗൻവാടികളിലോ വായനശാലകളിലോ പരിശോധന നടക്കും. വരുമാനപരിധിയില്ലാതെ ചികിത്സ ലഭിക്കും. മൊബൈൽ ക്ളിനിക്കിൻ്റെ മാതൃകയിലാണ് പ്രവർത്തനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നിർദ്ദേശപ്രകാരമാണ് ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ സ്ഥിരമായിരുക്കും. തൃശൂർ കോർപറേഷനിലും മറ്റ് നഗരസഭകളിലും പദ്ധതി ഫലപ്രദമായി നടക്കുന്നുണ്ട്. കോർപറേഷന് കീഴിൽ 44 ചികിത്സാകേന്ദ്രങ്ങളാണ് നിലവിലുളളത്.
പദ്ധതി നിർവഹണം സാമൂഹിക സുരക്ഷാ മിഷനാണെങ്കിലും നിശ്ചിതവിഹിതം ലഭ്യമാക്കേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്. ഫണ്ട് നൽകാൻ തയ്യാറുളള ബ്ളോക്ക് പഞ്ചായത്തുകളിൽ മുൻഗണനാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങാനാകും. കോർപറേഷൻ 25 ലക്ഷവും നഗരസഭകൾ പത്ത് ലക്ഷവുമാണ് ഫണ്ട് ലഭ്യമാക്കുന്നത്. ഒരു വർഷത്തേക്കുളള ചെലവിൻ്റെ പകുതി സാമൂഹ്യസുരക്ഷാ മിഷനും ബാക്കി ബ്ളോക്കുകളും പഞ്ചായത്തുകളും ചേർന്നും ലഭ്യമാക്കിയാണ് ബ്ളോക്ക് തലത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ബ്ളോക്കുകൾക്ക് കീഴിൽ മെഡിക്കൽ ടീമിനെ മിഷൻ നിയോഗിക്കും. ജില്ലയിൽ എല്ലാ നഗരസഭകളിലുമായി എട്ടിടങ്ങളിൽ വയോമിത്രം യൂണിറ്റുകളുണ്ട്. തൃശൂർ പൂത്തോൾ കോട്ടപ്പുറം ചേലാട്ട് ലൈനിലാണ് വയോമിത്രം പ്രോജക്ട് ഓഫീസ്.(ഫോൺ: 8943354045)
വയോമിത്രം പദ്ധതി
ലക്ഷ്യം 65വയസ്സിനുമുകളിൽ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തൽ.
ആദ്യഘട്ടത്തിൽ തുടങ്ങിയത് ജില്ലാ ആസ്ഥാനങ്ങളിലെ കോർപ്പറേഷൻ/മുനിസിപ്പാലിറ്റി പ്രദേശത്ത്.
വയോജനങ്ങൾക്കായി മൊബൈൽ ക്ലിനിക്ക്, പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ്
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്
'' മറ്റ് ബ്ളോക്ക് പഞ്ചായത്തുകളും പദ്ധതി നടപ്പാക്കാനായി മുന്നോട്ട് വരുന്നുണ്ട്. ഗ്രാമീണമേഖലകളിലുളള വയോജനങ്ങൾക്ക് അവരുടെ താമസസ്ഥലങ്ങൾക്ക് സമീപത്തു തന്നെ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നതാണ് സവിശേഷത.''
-കെ.പി.സജീവ്, ജില്ലാ കോ ഒാർഡിനേറ്റർ, വയോമിത്രം പദ്ധതി