കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചെണ്ട് മല്ലിത്തോട്ടം പൂത്തുലഞ്ഞു. കാർഷിക വൃത്തിയിൽ തനത് രീതികളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനായ കുളങ്ങരവീട്ടിൽ ശ്രീനിവാസന്റെ പുതിയ പരീക്ഷണമാണ് പ്രതിസന്ധികളെ അതിജീവിച്ച് നിറച്ചാർത്ത് ഒരുക്കുന്നത്.
ശ്രീനാരായണപുരം പഞ്ചായത്ത് ഈ വർഷം ആവിഷ്കരിച്ച പൂഗ്രാമം പദ്ധതിയിൽ ആകൃഷ്ടനായാണ് ചെണ്ടുമല്ലിക്കൃഷി പരീക്ഷണത്തിനിറങ്ങിയത്. ഇതിനാവശ്യമായ തൈകളും മറ്റും ലഭ്യമായതോടെ വിശാല അടിസ്ഥാനത്തിൽ തന്നെ കൃഷി ആരംഭിക്കാൻ നിശ്ചയിക്കുകയായിരുന്നു.
അമ്പത് സെന്റ് സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ശ്രീനിവാസൻ ചെണ്ടുമല്ലി കൃഷി ചെയ്തത്. ഓണ വിപണി ലക്ഷ്യമിട്ട് ആരംഭിച്ച കൃഷി മഴക്കെടുതിയും തുടർന്നുണ്ടായ പ്രളയവും അതിജീവിച്ച് കരുത്ത് നേടിയതിനൊപ്പം ഏറെ പേരെ ആകർഷിക്കാനും തുടങ്ങി. പൂക്കൾ വിരിയാൻ തുടങ്ങിയതോടെ നിറയെ പൂമ്പാറ്റകൾ കൂടി അതിഥികളായെത്തി.
നാടിന് തന്നെ അഭിമാനമായ ഈ ചെണ്ട് മല്ലിതോട്ടത്തിലെ വിളവെടുപ്പുദ്ഘാടനത്തിന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, മതിലകം ബ്ലോക്ക് അംഗം എം.ജി. ബാബു, വാർഡ് അംഗം പ്രകാശിനി തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.