മാള: ശക്തമായ ചുഴലിക്കാറ്റിൽ അന്നമനട മേഖലയിൽ വ്യാപക നാശനഷ്ടം. രാവിലെ എട്ടരയോടെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ മൂന്ന് വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. നൂറോളം ജാതിമരങ്ങൾ കടപുഴകി വീണു. തൊഴുത്തുങ്ങപ്പറമ്പിൽ പ്രദോഷിന്റെ വീടിന്റെ ഓടുകൾ കനത്ത കാറ്റിൽ പറന്നുപോയി. ഈ സമയം വീട്ടിൽ ആളുകണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പറമ്പിലെ വലിയ പ്ലാവും ജാതിമരങ്ങളും കടപുഴകി വീണു.
കരിയംപിള്ളി അബ്ദുൾ ഖാദറിന്റെ ഓടുമേഞ്ഞ വീട് കവുങ്ങ് വീണ് ഭാഗികമായി തകർന്നു. അയ്യാരിൽ അബ്ദുൾ കരീമിന്റെ 15 വലിയ ജാതിമരങ്ങളാണ് കടപുഴകി വീണത്. ഇതിൽ ഒരെണ്ണം വീടിന്റെ ഒരു ഭാഗത്ത് വീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. നിരവധി മരങ്ങളാണ് മേഖലയിൽ കടപുഴകിയും ഒടിഞ്ഞും വീണത്. രാവിലെ എട്ടരയോടെ തുടങ്ങിയ കാറ്റ് മൂന്ന് മിനിറ്റോളം നീണ്ടുനിന്നു. അതിനിടെയിൽ 15 ജാതിമരങ്ങൾ വീണതായും അയ്യാരിൽ അബ്ദുൾ ഖാദർ പറഞ്ഞു.
ചുഴലിക്കാറ്റുണ്ടായ സ്ഥലം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ., മെമ്പർമാരായ ശ്രീദേവി വിജു, കെ.കെ. രവി നമ്പൂതിരി എന്നിവർ സന്ദർശിച്ചു.