drama
നാട്യ ഗൃഹത്തിൽ അവതരിപ്പിച്ച നാടകത്തിൽ നിന്ന്

തൃശൂർ: തൃശൂരിലെ നാടക അരങ്ങിന് പുതിയ മാനങ്ങൾ സൃഷ്ടിക്കാൻ ഗ്ലോബൽ തിയ​റ്റർ ട്രെയിനിംഗ് സെന്ററിന് കഴിയുമെന്ന് നാടക പ്രവർത്തക ജെ. ഷൈലജ. ഗ്ലോബൽ തിയ​റ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. നാട്യ ഗൃഹത്തിൽ ജി. ശങ്കരപ്പിള്ളയുടെ കസേരകളി എന്ന നാടകത്തെ പുതിയ കാലത്തിന്റെ മാ​റ്റങ്ങൾ ഉൾക്കൊണ്ട് അവതരിപ്പിച്ച 'ജാ കസേരകളി 2കെ19' ശ്രദ്ധേയമായി.

സ്‌കൂൾ ഒഫ് ഡ്രാമയുടെ വകുപ്പ് അദ്ധ്യക്ഷൻ ശ്രീജിത്ത് രമണൻ അദ്ധ്യക്ഷനായി. സിനിമ സംവിധായകൻ രാംദാസ് മാധവ് മുഖ്യാതിഥിയായി. കേരളത്തിലെ പ്രശസ്തരായ രണ്ട് നാടക പ്രവർത്തകരെ ആദരിച്ചു. അഖില കേരള വൺ മാൻ ഷോയിൽ അഭിനയ പ്രതിഭാ പുരസ്‌കാരം നേടിയ സത്യജിത്തിന് ഗ്ലോബൽ തിയേ​റ്ററിന്റെ പുരസ്‌കാരം മാധവ് രാംദാസ് നൽകി.

കേരള സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ മാളി എന്ന നാടകത്തിന് മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയതിന് നിഖിൽ ദാസിന് നാടക സംവിധായകൻ സുരേഷ് മേച്ചേരി പുരസ്‌കാരം നൽകി. ഹരിശ്രീ വിദ്യാനികേതൻ സ്ഥാപക ഡയറക്ടർ നളിനി ചന്ദ്രൻ പ്രസംഗിച്ചു. അരവിന്ദൻ നെല്ലുവായ് സ്വാഗതവും കരീം വെങ്ങാലൂർ നന്ദിയും പറഞ്ഞു.