തൃശൂർ: ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കി. ഭക്ഷണ സാധനങ്ങളിൽ മായം കലർത്തി വിൽപന നടത്തുന്ന ഹോട്ടലുകൾ, ബേക്കറികൾ, പലച്ചരക്കു കടകൾ, വറവ്, എണ്ണ പലഹാര കടകൾ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നുവരുന്നത്. ജില്ലയിൽ ഭക്ഷ്യസുരക്ഷാ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് ഇതുവരെ 70,000 രൂപ പിഴയീടാക്കി. ഓണം സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതേവരെ 176 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമാനുസരണമല്ലാതെ പ്രവർത്തിക്കുന്ന 65 ഹോട്ടൽ ബേക്കറികൾക്കു നോട്ടീസ് നൽകിയതായും അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. പിടിച്ചെടുത്ത വിവിധ ഭക്ഷ്യവസ്തുക്കളുടെ 15 ഓളം സാമ്പിളുകൾ എറണാകുളത്തുള്ള ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
പിഴയടപ്പിച്ച സ്ഥാപനങ്ങൾ
കൊടുങ്ങല്ലൂർ ചിക്കിങ് (10,000 ), ചാലക്കുടി റോയൽ ഫാസ്റ്റ് ഫുഡ് (3,000 രൂപ), ജയ ഹോട്ടൽ (3,000), കൊക്കാല ഹോട്ടൽ നഹ്ദി കുഴിമന്തി (4,000 ), ചാലക്കുടി സ്ലൈസ് ഒഫ് സ്‌പൈസ് (2,000 ), ലക്ഷ്മി സ്വീറ്റ് (5,000), കോട്ടപ്പുറം കെ.എസ്.ഇ.ബി കാന്റീൻ (2,000 ), റോയൽ ബ്രെഡ് ഹൗസ് (1,000 ), മാപ്രാണം ഫുഡ് ഇഷ്ട (2,000 ), മുകുന്ദപുരം ബ്ലൂ കാരറ്റ് കാറ്റേഴ്‌സ് (2,000 ) തുടങ്ങിയ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിൽ നിന്നുമാണ് പിഴയീടാക്കിയത്.
രണ്ട് സ്ക്വാഡുകൾ
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിൽ രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പാൽ, പഴവർഗങ്ങൾ, ശർക്കര, ചിപ്‌സ് എന്നിവയാണ് മിക്കയിടത്തും പരിശോധിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഓണം അവധി ദിവസങ്ങളിലും ജില്ലയിൽ ഭക്ഷ്യസുരക്ഷാ ഓഫീസുകൾ പ്രവർത്തിക്കും. അസി. ഫുഡ് സേഫ്റ്റി ഓഫീസിൽ ഫുഡ് സേഫ്ടി അസി. കമ്മിഷണർ, ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം ഉണ്ടാകും.
ഓണത്തിന് താത്കാലിക സ്റ്റാളുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷനോ ലൈസൻസോ എടുത്തിരിക്കണം. ഇവയില്ലാതെ വില്പന നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഫോൺ : 0487 2424158.