കൊടകര: മറ്റത്തുർ പഞ്ചായത്തിൽ മൂന്നുമുറി ഒമ്പതുങ്ങൽ പ്രദേശത്ത് പ്രവർത്തിക്കുന്ന കോറിയും ക്രഷറും പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെത്തി. ജനങ്ങളിലുണ്ടായ ഭയാശങ്കകളും അതിനെ പറ്റിയുള്ള പരാതി പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനും വേണ്ടി സർക്കാരിന്റെ നിർദേശ പ്രകാരമാണ് വിദഗ്ദ്ധ സമിതി പരിശോധന നടത്തിയത്.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം പരിശോധിച്ചത്. ജിയോളജിസ്റ്റ് ഷാജികുമാർ, ജില്ലാ അസി. ജിയോളജിസ്റ്റ്മാരായ എം.വി. വിനോദ് , അശ്വതി കെ.ചന്ദ്രൻ, സ്‌ക്വാഡ് അസി. ജിയോളജിസ്റ്റ് റീന നാരായണൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കൂട്ടിയിട്ടിരുന്ന മണ്ണിന്റെ അളവ്, അമിതമായി ജലം സംഭരിച്ചിരിക്കുന്ന സ്ഥലം, പാറമടയുടെ വ്യാപ്തി പ്രദേശത്തിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ചു. കോടശ്ശേരി വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഭൂമിയുടെ അതിർത്തികളും ജണ്ടകളും പരിശോധിച്ചു. രാവിലെ ഒൻപതിന് തുടങ്ങിയ പരിശോധന 6 മണി വരെ നീണ്ടു. അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്ന് വിദഗ്ദ്ധ സംഘം പറഞ്ഞു.
..........................
പരിശോധിച്ചത്
കൂട്ടിയിട്ടിരുന്ന മണ്ണിന്റെ അളവ്
അമിതമായി ജലം സംഭരിച്ചിരിക്കുന്ന സ്ഥലം
പാറമടയുടെ വ്യാപ്തി
പ്രദേശത്തിന്റെ അവസ്ഥ
കോടശ്ശേരി വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഭൂമിയുടെ അതിർത്തികളും ജണ്ടകളും
................................
ജിയോളജി വകുപ്പിനെ മാത്രം ഉൾപെടുത്തിയതിൽ ആശങ്ക
എന്നാൽ വിദഗ്ദ സമിതിയിൽ കോറിയും ക്രഷറുമായി ബദ്ധപെട്ട് ജിയോളജി വകുപ്പിനെ മാത്രം ഉൾപെടുത്തിയതിൽ സമരസമിതി ആശങ്കയറിയിച്ചു. ഇതുമായി ബന്ധപെട്ട മറ്റു വകുപ്പുകൾ ഉണ്ടായാലെ വിദഗ്ദ്ധസമിതി പൂർണമാകുകയുള്ളൂ എന്നും സമര സമിതി അഭിപ്രായപ്പെട്ടു. അനധികൃതമായാണ് വൻതോതിൽ വെള്ളം സംഭരിച്ചിരിക്കുന്നത്. മണൽ കഴുകിയ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കിവിടുന്നത് മേഘലയിലെ കൃഷിക്കും കുടിവെള്ളത്തിനും ഏറെ ദോഷകരമാണ്. കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. മണ്ണ് കൂട്ടിയിട്ട് ഉറവകളുടെ ഒഴുക്ക് തടസപ്പെടുത്തി. പാറ പൊട്ടിക്കാൻ ശക്തിയേറിയ മെഷിനറിയും വസ്തുക്കളും ഉപയോഗിക്കുന്നതിനാൽ കോടശേരിമലയുടെ മറുഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായെന്നും വിദഗ്ദ്ധ സമിതിയെ ധരിപ്പിച്ചുവെന്ന് സമരസമിതിയംഗങ്ങളായ രാജ്കുമാർ രഘുനാഥ്, സി.എസ്. സരേന്ദ്രൻ, നൈജോ ആന്റോ, ജ്യോമിഷ് ജോർജ് എന്നിവർ പറഞ്ഞു.