തൃശൂർ: നേന്ത്രവാഴ കർഷകരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വേലന്താവളം സ്വദേശി മണികണ്ഠൻ(30), മീനാക്ഷിപുരം സ്വദേശി അബ്ദുൾ ജബ്ബാർ (35), ചിറ്റൂർ സ്വദേശി ചിന്നപ്പൻ(30) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എ.സി.പി: ശ്രീനിവാസന്റെ നേതൃത്വത്തിലും ക്രൈം സ്‌ക്വാഡും ഈസ്റ്റ് പൊലീസ് ചേർന്ന് അറസ്റ്റ് ചെയ്തത്.

കബളിപ്പിക്കപ്പെട്ട വയനാട് സ്വദേശി മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട്, കർണാടക, വയനാട് , നിലമ്പൂർ എന്നിവിടങ്ങളിളെ നേന്ത്രവാഴ കർഷകരെ സമീപിച്ച് നിലവിലെ മാർക്കറ്റ് വിലയേക്കാൽ ഉയർന്ന വില നൽകാമെന്ന് പറഞ്ഞ് കച്ചവടം ഉറപ്പിക്കും. തുടർന്ന് മാർക്കറ്റിൽ കച്ചവടക്കാരെ കണ്ട് നിലവിലെ വിലയേക്കാൾ താഴ്ത്തി നൽകാമെന്നും പറയും. തുടർന്ന് ലോറിയിൽ കൊണ്ടുവരുന്ന കായ ഇറക്കുന്നതിനിടെ കച്ചവടക്കാരിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റി മുങ്ങുകയാണ് ചെയ്യുന്നത്.

കായ കൊണ്ടുവന്ന ലോറിക്കാർ ഇവ ഇറക്കി പണത്തിനായി കച്ചവടക്കാരെ സമീപിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ മനോജിന്റെ 1,40,000 രൂപയ്ക്ക് പുറമെ നിരവധി സ്ഥലങ്ങളിൽ നിന്ന് പണം തട്ടിയിട്ടുണ്ട്. ഈസ്റ്റ് സി.ഐ: പി.പി. ജോയ്, എസ്.ഐ: ബിബിൻ, ക്രൈം സ്‌ക്വാഡ് എസ്.ഐ: ഗ്ലാഡ്‌സറ്റൺ, എ.എസ്.ഐ: എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, ഗോപാലകൃഷ്ണൻ, പഴനിസ്വാമി, ജീവൻ, ലിഗേഷ്, വിപിൻദാസ്, രജിത്ത്, അഷർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.