പുതുക്കാട്: വൃഷ്ടി പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ചിമ്മിനി ഡാമിലേക്കുള്ള നിരൊഴുക്ക് വർദ്ധിച്ചു. ഡാം തുറക്കുന്നതിനുള്ള
ആദ്യ മുന്നറിയിപ്പ് ഇന്നലെ നൽകി. ഇന്നലെ വൈകീട്ട് 4ന് ഡാമിലെ ജലനിരപ്പ് 73.43 മീറ്ററായി. ഡാം സേഫ്റ്റി കമ്മീഷന്റെ നിർദേശത്തെ തുടർന്ന് സംഭരണ ശേഷി 76.4 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. നീരൊഴുക്ക് ശക്തമാകൂന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഇന്ന് രാവിലെ 10ന് ശേഷം ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെ.മീറ്റർ വീതം ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ചിമ്മിനി ജലവൈദ്യുതി പദ്ധതിയിൽ ഇന്ന് മുതൽ വൈദ്യുതി ഉത്പാദനം ആരംഭിക്കും. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.