കൊടുങ്ങല്ലൂർ: കരാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ പിടിവാശിയെ തുടർന്ന് ആല ഗോതുരുത്ത് മേഖല ഇന്നലെ ഇരുട്ടിലായി. ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ നടത്തിയ വിലപേശലാണ് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെടുത്തിയത്. ഇന്നലെ പുലർച്ചയുണ്ടായ കാറ്റിൽ മറിഞ്ഞു വീണ തെങ്ങ്, ഇലക്ട്രിക് ലൈനിലേക്ക് പതിച്ചതാണ് പോസ്റ്റ് ഒടിഞ്ഞ് വീഴാൻ കാരണമായത്. ബന്ധപ്പെട്ട കരാറുകാരനോട് ഇതുമാറ്റി സ്ഥാപിക്കാൻ അധികൃതർ നിർദ്ദേശിച്ചെങ്കിലും, സമരത്തിലാണ് തങ്ങളെന്ന നിലപാടിലായിരുന്നു കരാറുകാരൻ.
വൈദ്യുതി വകുപ്പിൽ നിന്നും കൂലി ഇനത്തിൽ ലഭിക്കേണ്ട തുക ലഭിക്കുന്നതിനായി നടത്തിയ ശ്രമം വിജയിക്കാത്തതിലുള്ള പ്രതിഷേധമാണ് സമരത്തിലേക്ക് എത്തിച്ചതത്രെ. ഇതേത്തുടർന്ന് പെരിഞ്ഞനത്ത് നിന്നുള്ള കരാർ ജീവനക്കാരെ എത്തിച്ച് പോസ്റ്റ് മാറ്റാൻ അധികൃതർ ശ്രമിച്ചെങ്കിലും സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇവർ പിന്മാറി. ഫലത്തിൽ എല്ലാ ദുരിതവും ഗോതരുത്ത് നിവാസികൾക്കായി.
ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തുപോയി വൈകീട്ടോടെ വീടുകളിലേക്ക് തിരിച്ചെത്തിയ യുവാക്കളും മറ്റും സംഘടിച്ച് പ്രതിഷേധം പ്രകടിപ്പിക്കാൻ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പോകാൻ തുനിഞ്ഞെിരുന്നു. എന്നാൽ മുതിർന്നവർ ഇവരെ തടഞ്ഞതിനാൽ ഇതിന്റെ പേരിൽ അനിഷ്ട സംഭവങ്ങൾ ഒഴിവായെന്നാണ് റിപ്പോർട്ട്.