കൊടുങ്ങല്ലുർ: ഒരു കാലഘട്ടത്തിന്റെ വിപ്ലവ പോരാളിയെന്ന നിലയിൽ കൂടി വേണം മഹാകവി കുമാരനാശാനെ പുതിയ തലമുറ പഠിക്കേണ്ടതെന്ന് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ. പ്രാകൃതചട്ടങ്ങൾ മാറ്റി സാമൂഹത്തിൽ നവവിപ്ലവം സൃഷ്ടിക്കുന്നതിൽ ഗുരുദേവനോടൊപ്പം നിന്നപോരാളിയാണ് കുമാരാനാശാനെന്ന് പുതിയ തലമുറ മനസ്സിലാക്കുന്നില്ലെന്നും കേരളത്തിലെ നാവോത്ഥാന മുന്നേറ്റത്തിന് ഊർജം പകർന്ന ഇത്തരം മഹാരഥമാരെ കുറിച്ച് ചർച്ചകളും പഠന ക്ലാസ്സുകളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാകവി കുമാരനാശാൻ രചിച്ച ദീപാർപ്പണം രചനയുടെ ശതാബ്ദിയെക്കുറിച്ചുള്ള അവബോധം വളർത്താൻ കൂടി ലക്ഷ്യമിട്ട് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ഗുരുജയന്തിയോട് അനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള വിളംബര പത്രികയുടെ പ്രകാശനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ മുൻ എം.എൽ.എയും യൂണിയൻ പ്രസിഡന്റുമായ ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷനായി.

ചേന്ദമംഗലം പ്രതാപൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, ഡോ. വി.വി. ജയലക്ഷമി, യൂണിയൻ നേതാക്കളായ സി.ബി. ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. എം.കെ. തിലകൻ, എൻ.വൈ. അരുൺ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ഇ.ജി. സുഗതൻ, ജോളി ഡിൽഷൻ, ഷൈലജ ശരവണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.