തൃശൂർ: ട്രാഫിക് നിയമലംഘനങ്ങൾക്ക് വലിയ പിഴ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, കാമറയും ബ്രീത്ത് അനലൈസറും അടക്കം ആധുനിക ഉപകരണങ്ങളുമായി ഈ ഓണക്കാലത്ത് പൊലീസ് ഒരുങ്ങുന്നത് കർശന വാഹനപരിശോധനയ്ക്ക്.
എല്ലാ സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച പരിശീലനം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി. പോക്കറ്റ് കാമറയും ബ്രീത്ത് അനലൈസറുമെല്ലാം മുമ്പുണ്ടായിരുന്നതിനേക്കാൾ കൃത്യതയുളളതാകും. സിറ്റി പരിധിയിൽ 60 അനലൈസർ കൂടുതൽ നൽകിയിട്ടുണ്ട്. അനിവാര്യമാണെങ്കിൽ രക്തപരിശോധന ഉറപ്പുവരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഹൈവേ പൊലീസിന്റെ മുഴുവൻ വാഹനങ്ങളും ഇന്നോവയാക്കുന്നുണ്ട്. കാറിന്റെ ഉളളിൽ കാമറയും സ്ഥലം കണ്ടെത്താനുളള ജി.പി.എസ്. സംവിധാനവുമുണ്ടാകും. ആധുനിക വയർലെസ് സംവിധാനങ്ങളുമുണ്ടാകും.
പെറ്റി കേസുകളിൽ പിഴ വർദ്ധിപ്പിച്ചത് കഴിഞ്ഞ ദിവസങ്ങളിലായി പരമാവധി ജനങ്ങളെ പൊലീസ് ബോദ്ധ്യപ്പെടുത്തിയിരുന്നു.
ഓണാവധി കൂടിയതിനാൽ ആഘോഷങ്ങൾ നിയന്ത്രണം വിടാതിരിക്കാനും, റോഡുകളും, പൊതുസ്ഥലങ്ങളും കൈയേറിയുള്ള അനുമതിയില്ലാത്ത ആഘോഷങ്ങളെല്ലാം ശ്രദ്ധയിൽപെട്ടാലുടൻ നടപടിയെടുക്കും. റെയിൽവേ സ്റ്റേഷൻ , ബസ് സ്റ്റാൻഡ്, ആരാധനാലയങ്ങൾ, പ്രധാന കേന്ദ്രങ്ങൾ തുടങ്ങിയ തിരക്കേറിയ ആഘോഷപരിപാടികളിലെല്ലാം പൊലീസ് സാന്നിദ്ധ്യം ഉണ്ടാകും. 10 മുതൽ 14 വരെ വരെ ജില്ലയിൽ കർശന വാഹന പരിശോധന നടക്കും.

നിർദ്ദേശങ്ങൾ

വിനോദ യാത്രകളിലും, ജലാശയങ്ങളിലെ ആഘോഷങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കണം.
ഓണാഘോഷങ്ങളിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറാനുളള സാദ്ധ്യതയും, കൂട്ടായ മദ്യപാനവും ഒഴിവാക്കണം.
ആഘോഷവേളകളിലെ പിടിച്ചുപറി, പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യൽ മുതലായവ പ്രത്യേകം നിരീക്ഷിക്കണം
രാത്രി 10ന് ശേഷം പൊതുസ്ഥലങ്ങളിൽ മൈക്ക് ഉപയോഗിച്ചുള്ള ആഘോഷപരിപാടികൾ പാടില്ല.
വ്യാജമദ്യ വില്പനക്കാരെയും ശല്യക്കാരായ മദ്യപരെയും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നവർക്ക് എതിരെയും നടപടിയുണ്ടാകും
സമയ പരിധി കഴിഞ്ഞ് ബാറുകളും മദ്യവില്പനശാലകളും രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ പാടില്ല.
21 വയസിൽ താഴെയുള്ളവർക്ക് ബാറുകളിലും മദ്യവില്പനശാലകളിലും മദ്യം വിതരണം ചെയ്യരുത്
ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് ഒഴിവാക്കണം.
അമിതവേഗതയിലും അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിക്കരുത്, ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണം.

വിളിക്കാം 112 ലേക്ക്

പൊതുജനങ്ങൾക്ക് സംശയാസ്പദമായ സാഹചര്യങ്ങളോ, പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി പൊലീസ് കൺട്രോൾ റൂമിലെ 112 നമ്പറിൽ വിളിക്കാം.

ഉദ്യോഗസ്ഥർ:

മൂന്ന് എ.സി.പിമാർ
800 ഓളം പൊലീസുദ്യോഗസ്ഥർ.

''സുരക്ഷിതത്വം ഉറപ്പാക്കാനായി എല്ലായിടത്തും സ്‌പെഷ്യൽ പൊലീസ് പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, പൊലീസ് പിക്കറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. നിയമലംഘകർക്കെതിരെയും, സാമൂഹ്യവിരുദ്ധർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ''

ജി.എച്ച്. യതീഷ്ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ.