എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ: എൽ.പി സ്കൂളിലെ ക്ലാസ് മുറികൾക്കും ടോയ്ലറ്റുകൾക്കും മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മുളങ്കാട് വിദ്യാർത്ഥികളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി എണ്ണൂറോളം കുട്ടികളാണ് സ്കൂളിൽ പഠനം നടത്തുന്നത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് നിരവധി പേർ അവകാശികളായുള്ള പറമ്പിലാണ് മുളങ്കാട് സ്ഥിതി ചെയ്യുന്നത്. കാറ്റിലും മഴയിലും മുളകൾ പതിച്ച് കെട്ടിടങ്ങളുടേയും ടോയ്ലറ്റുകളുടേയും മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്ന അവസ്ഥയിലാണ്. കൂടാതെ മുളയിലൂടെ ഇഴഞ്ഞെത്തുന്ന പാമ്പുകൾ പലപ്പോഴും കുട്ടികൾക്ക് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ടോയ്ലറ്റിൽ പോയ കുട്ടികളുടെ സമീപത്ത് കൂടി പാമ്പിഴഞ്ഞ് പോയത് കുട്ടികളിൽ പരിഭ്രാന്തി പരത്തി. മുളങ്കാട് മുറിച്ച് നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ കമ്മിറ്റി ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. എരുമപ്പെട്ടി പൊലീസിനും ഗ്രാമപഞ്ചായത്ത് അധികൃതർക്കും നേരത്തെ പരാതി നൽകിയിരുന്നെങ്കിലും സ്ഥലത്തിന്റെ മുഴുവൻ അവകാശികളേയും കണ്ടെത്താൻ കഴിയാത്തത് നടപടികൾ സ്വീകരിക്കുന്നതിന് തടസമായി.