dirar-
വി.എച്ച്.ദിരാർ

തൃശൂർ: മേത്തല ശ്രീനാരായണ സമാജം നൽകുന്ന 'ഗുരുദർശന' അവാർഡിന് വി.എച്ച് ദിരാർ രചിച്ച 'ആദിവാസി ജീവിതം ഒരു സാംസ്‌കാരിക പഠനം' എന്ന കൃതി അർഹമായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 20,000 രൂപയും പ്രശംസാപത്രവും ശിൽപ്പവും ഉൾക്കൊള്ളുന്നതാണ് പുരസ്‌കാരം. 13 ന് രാവിലെ 9 ന് മേത്തല ശ്രീനാരായണസമാജം ഹാളിൽ നടക്കുന്ന ഗുരുജയന്തി സമ്മേളനത്തിൽ മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ അവാർഡ് സമ്മാനിക്കും. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ മുനിസിപ്പൽ പ്രതിപക്ഷനേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ അനുമോദിക്കും. മുൻ പ്രസിഡന്റ് പി.കെ. ജയാനന്ദൻ മാസ്റ്റർ വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കും.
ഗ്രന്ഥകാരനായ വേലായുധൻ പണിക്കശേരിയുടെ നേതൃത്വത്തിൽ ഡോ. സി. ആദർശ്, വിജയലക്ഷ്മി തിലകൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കഥാകൃത്തും കവിയും പത്രപ്രവർത്തകനുമായ ദിരാർ, ചേർപ്പ് ചേനത്താണ് ജനിച്ചത്. വയനാട് ആദിവാസി മേഖലകളിൽ ഗവേഷണ, പഠനമേഖലകളിൽ സജീവമാണ്. അട്ടപ്പാടി അഹാഡ്‌സിൽ അസി. ഡയറക്ടറായിരുന്നു. വർഷം തോറും രണ്ടരലക്ഷത്തോളം രൂപയുടെ അവാർഡുകൾ പഠനത്തിൽ മികവു കാട്ടുന്ന വിദ്യാർത്ഥികൾക്ക് സമാജം നൽകുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അവാർഡ് സമിതി ചെയർമാൻ വേലായുധൻ പണിക്കശേരി, സമാജം പ്രസിഡന്റ് എൻ.വൈ അരുൺ, കമ്മിറ്റി അംഗങ്ങളായ ടി.എസ്. സജീവൻ, വി.ബി. ശശീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.