ചാലക്കുടി: ചാലക്കുടിച്ചന്തക്ക് പോകുമ്പോൾ എക്കാലത്തും കാണുന്ന കായക്കച്ചവടത്തിന്റെ പ്രമാദത്തിന് ഇക്കുറി മങ്ങലേറ്റു. ജില്ലയിലെതന്നെ ഏറ്റവും മികച്ച കായച്ചന്തയായ ഇവിടെ ഇപ്പോൾ ഓണത്തിന്റെ തിരക്കാണ്. എങ്കിലും പഴയകാല പ്രതാപത്തിന്റെ അയൽവക്കത്തുപോലും എത്താനാകുന്നില്ല.
നാടനും മറുനാടനുമടക്കം വതിയ തോതിൽ കായക്കുലകൾ കൈമാറ്റം ചെയ്യപ്പെടുന്ന കേന്ദ്രമായിരുന്നു കലാഭവൻ മണിയുടെ പ്രിയപ്പെട്ട ചാലക്കുടിച്ചന്ത. കായക്കൃഷിയുടെ നാടായ മേലൂരും പരിയാരവുമെല്ലാം ഉൽപ്പന്നങ്ങളുടെ വിറ്റഴിയലിന് ആശ്രയിക്കുന്നതും ഇവിടത്തന്നെ. എന്നാൽ രണ്ടുവർഷമായി സംഭവിച്ച പ്രളയവും അതി തീവ്രമഴയും തകർത്തത് കായകളുടെ മേനിക്കൊപ്പം കർഷകരുടെ പ്രതീക്ഷളുമായിരുന്നു. മികച്ച കുലകളാണെങ്കിൽ നേന്ത്രന് നാനൂറ് രൂപയോളം കിട്ടുമായിരുന്ന കർഷകർ ഇപ്പോൾ കൃഷി വകുപ്പിന്റെ നഷ്ടപരിഹാരത്തുകയായ നൂറു രൂപയ്ക്കായി കാത്തിരിക്കുകയാണ്. ആയിരക്കണക്കിന് വാഴകളാണ് ഇരു പഞ്ചായത്തുകളിലം വെള്ളം കയറി നശിച്ചത്. ഇതെല്ലാം ചാലക്കുടിച്ചന്തയിലെ വിപണനത്തെ ബാധിച്ചു.
ഇക്കുറി തമിഴ്‌നാട്ടിൽ നിന്നാണ് ഭൂരിഭാഗം കായകളുമെത്തുന്നത്. അതുകൊണ്ടുതന്നെ കച്ചവടത്തിന് കനത്ത മാന്ദ്യവുമുണ്ട്. വ്യാഴാഴ്ചവരെ തിമിർത്ത് പെയ്ത മഴയും കായവിപണിയെ നനച്ചിട്ടു. നാട്ടിൽ നിന്നും എത്തുന്ന കായകൾക്ക് തുടമില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എല്ലാ പ്രതിസന്ധികളും ഒത്തുകൂടിയപ്പോൾ കായയുടെ വില 52 രൂപയിലുമെത്തി. വിലക്കൊപ്പം കച്ചവടവും ഇനി താഴാനാണ് സാധ്യതയെന്ന് കച്ചവടക്കാരും പറയുന്നു.