ചാലക്കുടി: രാജഭരണ കാലത്തെ ഓർമ്മകൾ അയവിറക്കി ചാലക്കുടിയിലെ താഴൂർ കോവിലകത്തേയ്ക്ക് സർക്കാർ വക ഉത്രാടക്കിഴികളെത്തി. താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള ശ്രീലേഖ വർമ്മ, മകൾ രമണി നന്ദകുമാർ എന്നിവർക്കുള്ള പണമാണ് തഹസിൽദാർ സുനിതാ ജേക്കബ്ബിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ചത്. ആയിരം രൂപാ വീതമായിരുന്നു ഓണാഘോഷത്തിനായി ഇവർക്ക് ലഭിച്ചത്.
രാജഭരണകാലത്തു കൊച്ചി മഹാരാജാവ് തുടങ്ങിയ ആചാരം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സർക്കാർ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഇതുവരേയും ഇതു മുടങ്ങിയിട്ടില്ല. ചാലക്കുടി താലൂക്കിൽ താഴൂർ കോവിലകത്തിന് മാത്രമണിപ്പോൾ ഉത്രാടക്കിഴി ലഭിക്കുന്നത്. ആദ്യ കാലത്ത് 13 രൂപയായിരുന്നു. പിന്നീട് സംഖ്യ ഉയർത്തിയാണ് ഇപ്പോൾ ആയിരത്തിലെത്തിയത്. ഡെപ്യൂട്ടി തഹസിൽദാർമാരായ എ.ബി. രാജൻ, അശോക് കുമാർ, വില്ലേജ് ഓഫീസർ സി.എ. ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.