കുഞ്ഞാലിപ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറി മന്ത്രി സി. രവീന്ദ്രനാഥ് സന്ദർശിക്കുന്നു.
കൊടകര: മറ്റത്തുർ പഞ്ചായത്തിലെ മൂന്നുമുറി കുഞ്ഞാലിപ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറിയും കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരപ്പന്തലും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്ദർശിച്ചു. ക്രഷറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമരസമിതി നേതാക്കളും ജനങ്ങളുമായി സംസാരിച്ചു. സമരസമിതി നൽകിയ നിവേദനം മന്ത്രി ഏറ്റുവാങ്ങി. വിദഗ്ദ്ധസമിതിയോട് റിപ്പോർട്ട് ആവശ്യപെടുമെന്നും എല്ലാ വകുപ്പുകളോടും ഉടൻ റിപ്പോർട്ട് തേടി അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിക്കുളങ്ങര സി.ഐ അനാവശ്യമായി കേസിൽ പെടുത്തുന്നുവെന്നും മാനസികമായി വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറുന്നൂ എന്നും സമരപന്തലിലുണ്ടായ സ്ത്രീകൾ മന്ത്രിയോട് പരാതിപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, സുമേഷ് മൂത്തമ്പാടൻ, ബിജു, സമരസമിതിക്ക് വേണ്ടി രാജ്കുമാർ, രഗുനാഥ് സുരേന്ദ്രൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.