തൃശൂർ: കിണറ്റിൽ വീണ് കുടുംബനാഥൻ മരിച്ചതോടെ അനാഥരായ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തൃശൂർ ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റ് ഇക്കുറി ഓണാഘോഷം വേണ്ടെന്ന് വച്ചു. യൂണിറ്റ് അംഗങ്ങൾ പിരിച്ചെടുത്ത തുക കൈമാറാനെത്തിയ ചടങ്ങിൽ കുടുംബത്തിന്റെ ദയനീയ സ്ഥിതി ബോദ്ധ്യപ്പെട്ട ജില്ലാ കളക്ടർ എസ്. ഷാനവാസ് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നൽകാമെന്ന് ഉറപ്പ് നൽകി. കുടുംബത്തിന്റെ പ്രതീക്ഷയായ രണ്ടുപേരുടെ വിദ്യാഭ്യാസ ചെലവ് കൂടി കഴിയുന്ന രീതിയിൽ ഏറ്റെടുക്കാനാണ് സേനാംഗങ്ങളുടെ തീരുമാനം.
കഴിഞ്ഞ ജൂലായ് 21നാണ് കുറ്റൂർ സ്വദേശി സുബ്രഹ്മണ്യൻ കിണറ്റിൽ വീണത്. മിനിറ്റുകൾക്കുള്ളിൽ ഫയർഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. സമാനമായ നിരവധി രക്ഷാദൗത്യ കേസുകളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും വിഭിന്നമായ കുടുംബ പശ്ചാത്തലമാണ് അംഗ്‌നിശമന സേനാംഗങ്ങളുടെ മനസ് നൊമ്പരപ്പെടുത്തിയത്. പഠിക്കാൻ മിടുക്കരായ സുബ്രഹ്മണ്യന്റെ രണ്ടു മക്കൾക്ക് പുറമെ വീട്ടിലുള്ളത് ഭാര്യയും സഹോദരിയുമാണ്. ശരീരം തളർന്ന് പരസഹായമില്ലാതെ നടക്കാൻപോലും ഭാര്യ ശോഭനക്കാകില്ല. സഹോദരി വിലാസിനി അന്ധയാണ്. ആരുടെയെങ്കിലും താങ്ങില്ലാതെ ജീവിതം മുന്നോട്ടുപോകില്ലെന്ന അവസ്ഥയാണ് കുടുംബത്തിന്റേത്.
മൂത്തമകൾ അഭിരാമി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ഇളയ മകൻ അഭിജിത്ത് പ്‌ളസ് വൺ വിദ്യാർത്ഥി. ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വീടിനും സ്ഥലത്തിനും അവകാശികൾ വേറെയുള്ളതിനാൽ കുടിയിറക്കൽ ഭീഷണിയുമുണ്ട്.
കുടുംബത്തെ കൈപിടിച്ചുയർത്തുകയെന്ന ആശയം മുന്നോട്ടുവച്ചത് ഫയർ ആൻഡ് റെസ്‌ക്യൂ തൃശൂർ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എസ്.എൽ. ദിലീപായിരുന്നു. സഹപ്രവർത്തകർ ഒറ്റമനസോടെ ഏറ്റെടുത്തതോടെ ചെറിയൊരു തുക ഇന്നലെ സുബ്രഹ്മണ്യന്റെ കുടുംബത്തിലേക്കെത്തി. ലൈഫ് പദ്ധതിയിൽ വീടുവയ്ക്കണമെങ്കിൽ സ്വന്തമായി ഭൂമി വേണം. ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കി ആരെങ്കിലും സൗജന്യമായി സ്ഥലം നൽകുമെന്ന പ്രതീക്ഷയിലാണ് അംഗ്‌നിശമന സേനാംഗങ്ങൾ.
.................................
രണ്ടു കുട്ടികളുടെയും വിദ്യാഭ്യാസ ചെലവ് പറ്റുന്ന രീതിയിൽ നൽകി അവർക്ക് പി.എസ്.സി. കോച്ചിംഗ് നൽകി സർക്കാർ ജോലി നേടിക്കൊടുക്കുയെന്നതാണ് ലക്ഷ്യം
എസ്.എൽ. ദിലീപ്
(സ്റ്റേഷൻ ഓഫീസർ, ഫയർ ആൻഡ് റെസ്‌ക്യൂ, തൃശൂർ യൂണിറ്റ്)