തൃശൂർ: അഴീക്കോട് മുനമ്പം ജങ്കാർ സർവീസ് പുന:സ്ഥാപിക്കുന്നതിനായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർക്കും. ഇരുകടവുകളിലും ബൊള്ളാർഡ് പോളുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് മൂന്ന് തവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്തായിരിക്കും യോഗം.
നിലവിൽ ടെൻഡർ സമർപ്പിച്ചിട്ടുള്ളത് ഒരു കരാറുകാരൻ മാത്രമാണ്. എന്നാൽ കരാറുകാരൻ സമർപ്പിച്ച തുക ഹാർബർ എക്‌സിക്യൂട്ടീവ് എൻജിനിയറുടെ എസ്റ്റിമേറ്റിനേക്കാൾ കൂടുതലായതിനാൽ ടെൻഡർ നടപടികൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കളക്ടറേറ്റിൽ അടിയന്തര യോഗം മന്ത്രി വിളിച്ചുചേർത്തത്. നിയമത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് നിലവിലെ എസ്റ്റിമേറ്റ് പുതുക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ തുറമുഖ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറോട് മന്ത്രി നിർദ്ദേശിച്ചു. ഇനം തിരിച്ച് തുകകൾ വർദ്ധിപ്പിക്കണോയെന്ന് പരിശോധിക്കാനും മന്ത്രി നിർദ്ദേശിച്ചു. ഈ മാസം 25നുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കണം. എസ്റ്റിമേറ്റ് ലഭിച്ച ശേഷമാണ് തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കുക. ടൈസൺ മാസ്റ്റർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.